തിരുവഞ്ചൂർ: മൂന്നടി വീതിയുള്ള ഏക നടപ്പാതയും താൽകാലിക നടപ്പാതയായ തോട്ടത്തിലൂടെയുള്ള പാതയും അടഞ്ഞതോടെ അധികൃതരുടെ കനിവ് തേടി ഒരു കുടുംബം. തിരുവഞ്ചൂർ നീറിക്കാട് മുകളേൽ വീട്ടിൽ മനോജും കുടുംബവുമാണ് വഴിയില്ലാതെ ദുരിതകയത്തിലായത്. 30 വർഷമായി സഞ്ചരിച്ചുകൊണ്ടിരുന്ന വഴിച്ചാലാണ് സമീപവാസി കരിങ്കല്ല് കെട്ടി അടച്ചത്. ഇതോടെ സമീപത്തെ മറ്റൊരാളുടെ റബ്ബർ തോട്ടത്തിലേ കയ്യാല ചാടിക്കടന്ന ശേഷം 200 മീറ്റർ നടന്നാണ് വീട്ടിലെത്തിയിരുന്നത്. കൃഷി ചെയ്യുന്നതിന്റെ ഭാഗമായി തോട്ടത്തിലെ മരങ്ങൾ വെട്ടിമാറ്റുകയും പുതിയ കൃഷി ഇറക്കുകയും ചെയ്തതോടെ ആകെ ആശ്രയമുണ്ടായിരുന്ന തോട്ടത്തിലെ പാതയും അടഞ്ഞു. നിലവിൽ മറ്റൊരു വീടിന്റെ നടവാതിലും കിണറ്റിൻ പാതകത്തിലൂടെയും നടന്നാണ് മനോജും കുടുംബാംഗങ്ങളും പുറത്തെത്തുന്നത്. പ്രായമായ മാതാവിനെയും രോഗിയായ പിതാവിനെയും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണമെങ്കിൽ പോലും ബുദ്ധിമുട്ട് നേരിടുകയാണ്.
പഞ്ചായത്ത് സ്ഥലത്ത് നിന്ന് മുൻപ് മണ്ണെടുത്തതിനെതിരെ പരാതി നൽകിയതിനാലാണ് വഴിയടച്ചതെന്നാണ് മനോജ് പറയുന്നത്. സംഭവത്തെ തുടർന്ന് മണ്ണെടുക്കുന്നതിന് പഞ്ചായത്ത് അധികൃതർ സ്റ്റേ നൽകിയിരുന്നു. തുടർന്ന് സമീപവാസിയുടെ പുരയിടത്തിലൂടെ മനോജിന്റെ വീട്ടിലേക്ക് കടന്നുപോകുന്ന വഴിച്ചാൽ കെട്ടി അടച്ചശേഷം വാഴ നടുകയും ഇരുമ്പ് കൂട് സ്ഥാപിക്കുകയും ചെയ്തു. വഴിച്ചാൽ കെട്ടി അടച്ചതിനെ തുടർന്ന് മനോജ് പഞ്ചായത്തിലും പൊലീസിലും കോടതിയിലും പരാതി നല്കിയിരുന്നു. വഴി തുറന്നുകിട്ടുന്നതിനായി അയർക്കുന്നം പൊലീസിലും പഞ്ചായത്ത് അധികൃതർക്കും പരാതി നല്കിയെങ്കിലും കേസ് കോടതിയുടെ പരിഗണനയിൽ നില്ക്കുന്നതിനാൽ കൊവിഡും ലോക്ക്ഡൗണും മൂലം സ്വീകാര്യമായ നടപടി നാളിതുവരെ ഉണ്ടായിട്ടില്ല. സ്ഥലം വാങ്ങിച്ചപ്പോൾ അതിൽ നടപ്പാതയുടെ കാര്യം രേഖപ്പെടുത്തിയിട്ടില്ല, സമീപത്തായി മറ്റൊരു വഴിച്ചാൽ കടന്നുപോകുന്നുണ്ട്. ഇതിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് സ്ഥലം ഉടമ പറയുന്നത്.
ഒരു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട പിതാവിനെയും പ്രായമായ മാതാവിനെയും രാത്രി കാലങ്ങളിൽ അത്യാവശ്യസമയത്ത് ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോകണമെങ്കിൽ ബുദ്ധിമുട്ടാണ്. അടച്ചുകെട്ടിയ വഴി തുറന്നു നല്കണമെന്ന ആഗ്രഹം മാത്രമേയുള്ളൂ
മനോജ്