കോട്ടയം: കെ.എസ്.ആർ.ടി.സി കോട്ടയം ടെർമിനലിന് പച്ചക്കൊടി. ഇതിന്റെ ഭാഗമായി മണ്ണിന്റെ ഉറപ്പ് പരിശോധിച്ചു. ബസ് ടെർമിനൽ, യാർഡ് എന്നിവയുടെ നിർമ്മാണ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. നിർമ്മാണവുമായി ബന്ധപ്പെട്ട ക്വട്ടേഷൻ നടപടികൾ 16ന് നടക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.8 കോടി രൂപ ചെലവഴിച്ചാണ് ബസ് ടെർമിനൽ നിർമ്മിക്കുന്നത്. ബസ് ടെർമിനൽ, ശുചിമുറി ബ്ളോക്ക് എന്നിവയുടെ നിർമ്മാണത്തിന് ഒരു ഗ്രൂപ്പിനെ നേരത്തെ ഏല്പിച്ചിരുന്നു. എന്നാൽ പണികളൊന്നും നടന്നില്ല. 2020 നവംബർ 6ന് ഉദ്ഘാടനം ചെയ്ത പദ്ധതി 6 മാസം പിന്നിട്ടിട്ടും ആരംഭിക്കാതെ വന്നതോടെ കെ.എസ്.ആർ.ടി.സി ഇടപെട്ട് ഹാബിറ്റാറ്റ് ഗ്രൂപ്പിനെ ഒഴിവാക്കി പകരം ഹിന്ദുസ്ഥാൻ പ്രീ ഫാബ് ലിമിറ്റഡിന് കരാർ നൽകിയിരിക്കയാണ്.
എത്രയും വേഗം എസ്റ്റിമേറ്റ് സമർപ്പിക്കാനും ഉടൻ നിർമ്മാണം ആരംഭിക്കാനും നടപടി സ്വീകരിച്ചതായി കാണിച്ച് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം .എൽ.എയ്ക്ക് കത്ത് നൽകി. കോട്ടയം ബസ് ടെർമിനലിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. 91.69 ലക്ഷം രൂപ യാഡ് വികസനത്തിനും 88.82 ലക്ഷം രൂപ ശുചിമുറി കോംപ്ലക്സിന്റെ നിർമ്മാണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്. 6,000 ചതുരശ്രയടി വലുപ്പമുള്ളതാണ് ബസ് ടെർമിനൽ, 50,000 ചതുരശ്രയടിയാണ് യാർഡിന്റെ വിസ്ത്രീർണം.
തിയേറ്റർ റോഡിന് സമീപമാവും ബസ് ടെർമിനലും യാർഡും നിർമ്മിക്കുക. ഇതിന്റെ നിർമ്മാണത്തിനുശേഷം ബസ് സ്റ്റാന്റിലെ നിലവിലുള്ള ഓഫീസ് കെട്ടിടം പൊളിക്കും. ഏറെക്കാലമായി അറ്റകുറ്റപ്പണികൾ പോലും മുടങ്ങി ബസ് സ്റ്റാന്റ് പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. അൻപതോളം പേർക്ക് ഇരിക്കാനുള്ള സൗകര്യവും ടെർമിനലിലുണ്ട്.. പത്തിലേറെ ബസുകൾക്ക് നിർത്തിയിടാൻ സൗകര്യവും സജ്ജമാക്കും.