കോട്ടയം: വികസനത്തിന്റെ കാര്യത്തിൽ ഒരു പ്രദേശത്തോട് മാത്രം ശത്രുത പ്രകടിപ്പിക്കുന്ന പാക്കിസ്ഥാൻ മനോഭാവം ശരിയല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. കോട്ടയം വികസിക്കണമെന്നത് ജനങ്ങളുടെയും ഭാവിതലമുറയുടെയും ആവശ്യമാണ് .അതിൽ രാഷ്ട്രീയം പാടില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. മീനച്ചിലാർ ഒരു സംസ്കാരത്തിന്റെ ഭാഗവും തലമുറകൾക്കുള്ള സ്വത്തുമാണ്. അതിലെ കൈയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ അളന്നു തിട്ടപ്പെടുത്തണം.
മീനച്ചിലാർ അളക്കണമെന്ന് ആറ് മാസം മുമ്പ് റവന്യൂ മന്ത്രി ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടോ നടപടി ഉണ്ടാവുന്നില്ല .
കോട്ടയം കെ.എസ്.ആർ.ടി.സി പുതിയ ഗാരേജ് നിർമാണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി 80 ലക്ഷം രൂപ അനുവദിച്ചു. ഇനി പണി ആരംഭിക്കുന്നതിന് ആരും തടസം നിൽക്കാതിരുന്നാൽ മതി. കോടിമത പാലം പണി പുനരാരംഭിക്കുന്നതിന് പുതിയ പൊതുമരാമത്തു വകുപ്പ് മന്ത്രി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആകാശ പാത വേണ്ടെന്ന അഭിപ്രായം ആർക്കുമില്ല. ഇതു പൂർത്തിയാക്കാൻ ഈ സർക്കാർ മുൻകൈയെടുക്കണം.