കോട്ടയം: ''ഞാൻ ആരോടും പണം ചോദിച്ച് മെസഞ്ചറിൽ വരാറില്ല. എന്റെ പേരിൽ പണം ചോദിച്ചാൽ ഞാൻ ഉത്തരവാദിയുമല്ല'' - ഫേസ് ബുക്കിൽ ഇപ്പോൾ നിറയെ ഇതുപോലുള്ള സത്യവാംഗ്‌മൂലങ്ങളാണ്. ഫേസ് ബുക്കോ മെസഞ്ചറോ തുറന്നാൽ വ്യാജ പ്രൊഫൈലിലൂടെയുള്ള കടം ചോദിച്ചുകൊണ്ടുള്ള മെസേജുകൾ നിറയുകയാണ്. ഈ സാഹചര്യത്തിലാണ് എല്ലാവരും സ്വയംപ്രതിരോധം തീർക്കുന്നത്.
സംഭവമിങ്ങനെ
പൊലീസുകാരുടേയും രാഷ്ട്രീയക്കാരുടെയും അടക്കം വ്യാജ ഐ.ഡിയുണ്ടാക്കിയാണ് കടം ചോദിച്ചുകൊണ്ടുള്ള സന്ദേശം വരുന്നത്. പഴ്‌സ് കളഞ്ഞുപോയി, 5000 രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമോ എന്ന മട്ടിലാകും അഭ്യർത്ഥന. ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ രീതിയാണിത്. ഫ്രണ്ട് ലിസ്റ്റിൽ ആളുകൾ കൂടുതലുള്ളവർക്കൊക്കെ ഇപ്പോൾ രണ്ട് പ്രൊഫൈലുകളായി. ഒന്ന് സ്വന്തം, രണ്ട് തട്ടിപ്പുകാർ ഉണ്ടാക്കിയ വ്യാജ പ്രൊഫൈൽ.
ഫേയ്ക്കിനെ തുരത്തിയവരുമുണ്ട്
സുഹൃത്തിന്റെ പേരിലുള്ള 'ഫേയ്ക്ക"ന്റെ റിക്വസ്റ്റ് വന്നപ്പോഴേ കോട്ടയം സ്വദേശി ഒരു മെസേജ് തിരിച്ചയച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടാണെന്നും അത്യാവശ്യമായി മൂവായിരം രൂപ അയയ്ക്കണമെന്നും. കടുവയെ പിടിച്ച കിടുവയെ കണ്ട് ഞെട്ടിയ ഫേയ്ക്കൻ അക്കൗണ്ടും പൂട്ടി കണ്ടംവഴി ഓടി!
' വടക്കേ ഇന്ത്യയിൽനിന്നുള്ള സംഘങ്ങളാണെന്ന് ഇതിനു പിന്നിൽ. വ്യാജ സിംകാർഡും വേറെ ആരുടേയെങ്കിലും ഫോണുമൊക്കെ ഉപയോഗിച്ചാവും തട്ടിപ്പ്. അതുകൊണ്ട് തന്നെ ഇവരിലേയ്ക്ക് എത്താൻ ബുദ്ധിമുട്ടാണ്. ഫേസ് ബുക്ക് മെസഞ്ചറിലൂടെ മാത്രമല്ല, ഈ മെയിലൂടെയും തട്ടിപ്പ് വ്യാപകമാണ്. എത്ര ബോധവത്കരിച്ചാലും ജാഗ്രതക്കുറവ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്''
- സൈബർ സെൽ വിഭാഗം