k-sudhakaran

കോട്ടയം: കെ.പി.സി .സി പ്രസിഡന്റായതോടെ എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്തും കെ. സുധാകരന് പിന്തുണയേറുന്നു. എ.ഐ വിഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് സുധാകരന്റെ ഗ്രൂപ്പിൽ ചേരാൻ താത്പര്യം കാണിക്കുന്നത്. ഐ ഗ്രൂപ്പിലായിരുന്ന പി.എസ്.രഘുറാമിന്റെ നേതൃത്വത്തിൽ ഒരു സംഘം സുധാകരനെ നേരിട്ടു കണ്ട് ഗ്രൂപ്പിന് പിന്തുണ അറിയിച്ചു. കോട്ടയത്ത് എ, ഐ വിഭാഗം പിളർന്നുവെന്നും ഉമ്മൻചാണ്ടിക്കൊപ്പം ഇതുവരെ നിലയുറപ്പിച്ച ഉന്നത നേതാക്കൾ വരെ സുധാകരനോടൊപ്പം ചേരുകയാണെന്നും ഇദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ എത്തുമെന്നാണ് അവകാശവാദം. സുധാകര ഗ്രൂപ്പല്ല, എ.ഐ.സി.സി അനുകൂല ഗ്രൂപ്പെന്ന് പ്രചരിപ്പിച്ചാണ് ആളെ കൂട്ടുന്നത്. ജില്ലാ സന്ദർശനത്തിന്റെ ഭാഗമായി സുധാകരൻ എത്തുന്നതോടെ വലിയ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള ഗ്രൂപ്പുകൾക്കതീതമായി ജില്ലാ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡ് താത്പര്യം പ്രകടിപ്പിച്ചതോടെ ക്രൈസ്തവ വിഭാഗത്തിൽ പെട്ടവരെ മാത്രം പരിഗണിക്കുന്ന സ്ഥിരം ഏർപ്പാടിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം മോഹിക്കുന്നവരും സുധാകര ഗ്രൂപ്പിലേക്കെത്തുന്നുണ്ട്.

ബൂത്ത്, മണ്ഡലം പ്രവർത്തനം നിർജ്ജീവമായതോടെ ജില്ലയിൽ കോൺഗ്രസിന് ശക്തി ക്ഷയമുണ്ടായി . പുതുപ്പള്ളി , കോട്ടയം, വൈക്കം മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചത് . മൂന്നിടത്തും വലിയ വോട്ടു ചോർച്ചയുണ്ടായി. രണ്ടിടത്ത് ജയമുണ്ടായെങ്കിലും ഉമ്മൻചാണ്ടി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ

ഭൂരിപക്ഷത്തിലും വലിയ കുറവുണ്ടായിരുന്നു.

താഴേ തട്ടു മുതൽ അഴിച്ചു പണി വന്നാലേ ജില്ലയിൽ കോൺഗ്രസ് ഇനി ക്ലച്ചു പിടിക്കൂ . സ്ഥാനമാനങ്ങൾ അലങ്കാരമാക്കിയുള്ള പ്രവർത്തനമാണ് പലരും ഇതുവരെ നടത്തി വന്നത്. ഇവരെയെല്ലാം ഒഴിവാക്കി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുകയും എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്നതുമായ നേതൃത്വം വരണം. അതിൽ ജാതിയും മതവും നേതാക്കളുടെ പെട്ടി എടുപ്പുകാരെന്ന പരിഗണനയും മാത്രം മാനദണ്ഡമാക്കരുതെന്നാണ് കോൺഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷമതികൾ പറയുന്നത്.