വൈക്കം : തലയാഴം പഞ്ചായത്തിലെ മൂന്നാം വാർഡിൽ അംബേദ്ക്കർ സെറ്റിൽമെന്റ് കോളനിക്ക് സമീപം സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.തോട്ടകം വക്കേത്തറ കല്ലുപുരയ്ക്കൽ എത്തക്കുഴി റോഡിലെ വക്കേത്തറ അംബേദ്ക്കർ സെറ്റിൽമെന്റ് കോളനിക്കു സമീപം ടവർ സ്ഥാപിക്കാനായി സ്വകാര്യ വ്യക്തിയിൽ നിന്നു വാങ്ങിയ അഞ്ചു സെന്റ് സ്ഥലത്തിൽ റോഡിനോടു ചേർന്ന് രണ്ടര മീറ്ററോളം താഴ്ചയിൽ കുഴിച്ചിട്ടുണ്ട്. വർഷത്തിൽ പല തവണ വെള്ളപ്പൊക്കക്കെടുതി നേരിടുന്ന പ്രദേശം ചതുപ്പുനിലമാണ്. ടവറിന്റെ പൈലിംഗിനായി കുഴിച്ചപ്പോൾ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും കിഴക്കുഭാഗത്ത് കൂടി കടന്നുപോകുന്ന റോഡും ഇടിഞ്ഞുതാഴ്ന്നു. റോഡിൽ നിന്ന് മൂന്നു മീറ്റർ അകലെ മാത്രമേ നിർമ്മാണ പ്രവർത്തനം നടത്താൻ കഴിയൂവെന്ന നിബന്ധന നിലനിൽക്കെ രണ്ട് മീറ്റർ വിട്ടാണ് കുഴിച്ചത്. വൈക്കത്ത് നിന്ന് കോട്ടയം മെഡിക്കൽ കേളേജ്, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് എത്തുന്നതിന് എളുപ്പമാർഗമൊരുക്കാൻ പാടശേഖരങ്ങൾക്ക് നടുവിലൂടെയുള്ള റോഡ് ഉയർത്തി വീതി കൂട്ടി പുനർനിർമ്മിക്കുന്നതിനായി കിഫ്ബിയിൽ നിന്ന് 20 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനായി 10 മീറ്റർ വീതിയിൽ റോഡിന് സ്ഥലം ഏറ്റെടുക്കണം. നിലവിൽ എട്ടു മീറ്റർ വീതിയിൽ സ്ഥലമേറ്റെടുത്തിട്ടുണ്ട്. റോഡിന്റെ ഇരുവശത്ത് നിന്നുമായി ഓരോ മീറ്റർ കൂടി ഏറ്റെടുത്ത് റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിൽ പുനർ നിർമ്മിക്കാൻ പദ്ധതിയുള്ളപ്പോഴാണ് റോഡ് വികസനത്തിന് തടസം സൃഷ്ടിച്ചും ജനവാസ കേന്ദ്രത്തിന് ഭീഷണി ഉയർത്തിയും മൊബൈൽ ടവർ സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതരും താത്പര്യമെടുക്കുന്നതെന്ന് പഞ്ചായത്ത് അംഗം ഷീജ ബൈജു ആരോപിച്ചു.
250 ഓളം കുടുംബങ്ങൾ
അംബേദ്കർ ഗ്രാമത്തിൽ 70 ഓളം പട്ടികജാതി കുടുംബങ്ങളടക്കം 250 ഓളം കുടുംബങ്ങളാണ് അടുത്തടുത്തായി താമസിക്കുന്നത്. മൊബൈൽ ടവർ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത സ്ഥലത്തിൽ നിന്ന് ഏതാനും മീറ്ററകലെ അങ്കണവാടിയുണ്ട്. തലയാഴം മൂന്നാം വാർഡിൽ ജനവാസം കുറഞ്ഞ ഉയർന്ന പ്രദേശങ്ങൾ നിരവധിയുള്ളപ്പോഴാണ് ചതുപ്പുനിലത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് അധികൃതർ നീക്കം ശക്തമാക്കുന്നത്.