ചങ്ങനാശേരി : തൃക്കൊടിത്താനം പൊലീസ് വിവിധ കേസുകളിൽ റോഡരികിൽ പിടിച്ചിട്ട വാഹനങ്ങൾ ഇഴജന്തുക്കളുടെ വാസകേന്ദ്രമായി. വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ കാടുമൂടിയ നിലയിലാണ്. ഇത് കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. പഴയ സ്റ്റേഷൻ ഭാഗം മുതൽ 500 മീറ്റർ വരെ വാഹനങ്ങൾ നിരന്നു കിടക്കുകയാണ്. വീതി കുറവുള്ള സ്ഥലത്ത് ഇരുവശവും വാഹനങ്ങൾ ഉള്ളതിനാൽ റോഡിന്റെ നടുവിലൂടെയുള്ള യാത്ര അപകടങ്ങൾക്കിടയാക്കുകയാണ്. പൊലീസ് സ്റ്റേഷൻ പഴയ സ്ഥാനത്ത് നിന്ന് കൊക്കോട്ടുചിറ കുളത്തിന് സമീപത്തേയ്ക്ക് മാറിയിട്ട് മാസങ്ങളായി. എന്നാൽ പിടികൂടിയ വാഹനങ്ങൾ മാറ്റുന്ന കാര്യത്തിൽ തീരുമാനമൊന്നുമായില്ല.
സാധനങ്ങൾ കടത്തുന്നു
വിഷപ്പാമ്പുകളും മറ്റ് ഇഴജന്തുക്കളും കാടുകയറി കിടക്കുന്ന വാഹനങ്ങളിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രി കാലങ്ങളിൽ സമീപത്തെ കടകളിലും, വീടുകളിലും ഇവയുടെ ശല്യം രൂക്ഷമാണ്. ചില വാഹനങ്ങളിൽ നിന്ന് വിലപ്പിടിപ്പുള്ള സാധനങ്ങൾ മോഷണം പോകുന്നതായി ആരോപണം ഉണ്ട്. കഞ്ചാവ് കേസ് മുതൽ മോഷ്ടിച്ചു കൊണ്ടു വന്ന വാഹനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.
പുതിയ സ്റ്റേഷൻ പരിസരത്തേക്ക് ഈ വാഹനങ്ങൾ മാറ്റുകയോ, അല്ലെങ്കിൽ ലേലം ചെയ്യുകയോ ചെയ്ത് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണം
സജീവ്, പ്രദേശവാസി
ലേലം ചെയ്താൽ ഗുണമേറെ
വാഹനം ലേലം ചെയ്താൽ സർക്കാരിന് വരുമാനം ലഭിക്കും
സ്ഥലം കളയാതെ വാഹനങ്ങൾ ഒഴിവാക്കാം
കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് വാഹനം കിട്ടും