കോട്ടയം: തലയിൽ വച്ചിരുന്ന ഹെൽമറ്റിന്റെ കരുത്ത്, അനീഷ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞത് ജൂൺ 11 നായിരുന്നു. കറുത്തുരുണ്ട ഒരു ഇരുമ്പ് കഷണം തലയ്‌ക്കു നേരെ വരുന്നതും, ആഞ്ഞുള്ള അടിയേറ്റ് നിലത്തു നിന്നു കാൽ തെറിച്ചു പോകുന്നതും തലയടിച്ച് വീഴുന്നതും അനീഷ് പകൽ പോലെ ഓർത്തിരിക്കുന്നുണ്ട്. ഇപ്പോഴും തലയ്‌ക്കുള്ളിലെ ആ മുഴക്കം അനീഷിനെ വിട്ടുമാറിയിട്ടില്ല. ആ അടിയിൽ നിന്ന് തന്നെ രക്ഷിച്ചത് പ്രിയപ്പെട്ട ഹെൽമറ്റാണെന്ന് അനീഷ് വിശ്വസിക്കുന്നു. അടിയേറ്റ് രണ്ടായി പിളർന്നിട്ടും ഉടമയുടെ തലയെ പരിക്കുകളിൽ നിന്ന് രക്ഷിച്ചു ഹെൽമറ്റ്. അല്ലെങ്കിൽ അനീഷ് മറ്റൊരു അജീഷായി മാറിയേനെ. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ എ.എസ്.അനീഷ് കഴിഞ്ഞ 11 ന് പതിവുപോലെ സ്റ്റേഷനിൽ എത്തിയതാണ്. ഈ സമയത്താണ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ മനോജ്‌കുമാർ അതിരമ്പുഴയിൽ കേസ് അന്വേഷണത്തിന് പോകുന്നതിനായി വിളിച്ചത്. പൊലീസ് ജീപ്പിൽ കയറാനൊരുങ്ങിയ അനീഷിനെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥൻ രാജേഷിനൊപ്പം ബൈക്കിലെത്താൻ നിർദേശിച്ചത് പ്രതികളെ പിടികൂടാനുള്ള ഓപ്പറേഷന് നേതൃത്വം നൽകിയ മുതിർന്ന ഉദ്യോഗസ്ഥൻ സാബുവായിരുന്നു. രാജേഷിനൊപ്പം ബൈക്കിൽ പ്രതികൾ ഒളിച്ചിരിക്കുന്ന കോളനിയുടെ ഒരു വശത്തെ പടുകൂറ്റൻ മതിലിന് പിന്നിലെത്തി. സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥ സംഘം കോളനിയിലേയ്‌ക്കു കടക്കാൻ മുന്നിൽ എത്തിയതും, മതിൽചാടിക്കടന്ന് ഗുണ്ടാ സംഘം മാരകായുധങ്ങളുമായി എത്തി. ഒട്ടും പ്രതീക്ഷിക്കാതെ പ്രതികൾ ഇവിടേയ്‌ക്ക് എത്തിയതോടെ ഒന്ന് പകച്ചെങ്കിലും രാജേഷും അനീഷും ചേർന്നു പ്രതികളെ പിടികൂടാൻ ശ്രമിച്ചു. ബാക്കിയെല്ലാവരും ഓടിരക്ഷപ്പെട്ടിട്ടും കുപ്രസിദ്ധ ഗുണ്ട അച്ചു സന്തോഷ് മാത്രം ഓടാൻ തയ്യാറായില്ല. ജിമ്മിൽ വെയിറ്റ് ഇടാൻ ഉപയോഗിക്കുന്ന വലിയൊരു കമ്പിവടിയുമായി പൊലീസിന് നേരെ വീശി. മഫ്‌തിയിൽ നിന്ന രാജേഷും അനീഷും പൊലീസാടാ, കമ്പി താഴെയിടെടാ.... എന്നു പറഞ്ഞെങ്കിലും തയ്യാറായില്ല. പ്രതിയെ പിടിയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ, രാജേഷിന്റെ കൈയിൽ കമ്പിവടി തട്ടി ചോരപൊടിഞ്ഞു. അപകടം മണത്ത അനീഷ് ബൈക്കിൽ സൂക്ഷിച്ചിരുന്ന ഹെൽമറ്റ് എടുത്തു ധരിച്ചു. തൊട്ടു പിന്നാലെ തന്നെ അച്ചു കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. റോഡിലേയ്‌ക്കു തെറിച്ച് വീണിട്ടും ശരീരമാകെ അടി തുടർന്നു. ആ അടിയിൽ തോളെല്ല് പൊട്ടി. വേദന സഹിച്ച് പ്രതിയെ ബലമായി കീഴ്‌പ്പെടുത്തി. കോളനിയ്‌ക്കു മുന്നിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥർ ബഹളം കേട്ട് ഓടിയെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഹെൽമറ്റ് വിണ്ടുകീറിയ നിലയിലായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി പരിശോധന നടത്തി. ഇടത്തെ തോളെല്ല് പൊട്ടിയതിനാൽ ഒരു മാസമെങ്കിലും വിശ്രമമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.