പാലാ : മീനച്ചിലാറ്റിലേക്ക് കൊടിയ വിഷമുള്ള കീടനാശിനി തളിച്ച സംഭവത്തിൽ ഊർജിത അന്വേഷണം ആവശ്യപ്പെട്ട് പാലാ പൊലീസിന് പരാതി നൽകിയതായി നഗരസഭാ ചെയർമാർ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു.
മീനച്ചിലാറ്റിലെ പാലാ തോണിക്കടവിലാണ് സംഭവം നടന്നത്. ആറിന്റെ വശങ്ങളിലും കടവിലുമുള്ള കാട് തെളിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം ചിലർ കീടനാശിനി ഉപയോഗിച്ചിരുന്നു. മണിക്കൂറുകൾ കൊണ്ട് ചെടികൾ കരിഞ്ഞുണങ്ങുന്ന തരത്തിലുള്ള കൊടിയ വിഷമാണ് ഉപയോഗിച്ചിരുന്നത്. പിന്നാലെയെത്തിയ മഴയിൽ കീടനാശിനി ഒഴുകി ആറ്റിലെ വെള്ളത്തിൽ കലരുകയായിരുന്നു. മീനച്ചിലാറ്റിൽ കുളിച്ച ചിലർക്ക് ചൊറിച്ചിലും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതൊടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പാലാ നഗരത്തിലെയും പഞ്ചായത്തുകളുടെയും കുടിവെള്ള സംഭരണികളിലേക്ക് ജലമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിനു സമീപമാണ് വിഷം കലർന്നത്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും വിഷം വാട്ടർടാങ്കിൽ കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭയിലെ സി.പി.എം, സി.പി.ഐ ഭരണപക്ഷ കൗൺസിലർമാർ ചെയർമാന് നിവേദനം നൽകി. ആംആദ്മി പാർട്ടി പാലാ നിയോജകമണ്ഡലം കൺവീനർ ജയേഷ് ജോർജ്, പാലാ പൗരാവകാശസമിതി ജോയി കളരിക്കൽ എന്നിവർ ചേർന്ന് വിഷയത്തിൽ അടിയന്തിര ശ്രദ്ധ പതിയണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാന്റെ ചേംബറിൽ ഒരു മണിക്കൂർ കുത്തിയിരിപ്പ് സമരം നടത്തി. മീനച്ചിലാറ്റിലെ വെള്ളം കുപ്പിയിലാക്കി ഇവർ പ്രതീകാത്മകമായി ചെയർമാന് കൈമാറി.
അന്വേഷണം തുടങ്ങിയെന്ന് പൊലീസ്
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പാലാ എസ്.എച്ച്.ഒ സുനിൽ തോമസ് അറിയിച്ചു.
അതേസമയം പാലാ നഗരസഭയിലെ ഒരു കൗൺസിലറുടെ അനുവാദത്തോടെ തോണിക്കടവ് ഭാഗത്ത് ആറ് വൃത്തിയാക്കാനിറങ്ങിയവരാണ് കീടനാശിനി തളിച്ചതെന്നും ഇത് വാർഡ് കൗൺസിലറുടെ അറിവോടെയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.