പാലാ : കെ.എം.മാണിയുടെ സ്വപ്ന പദ്ധതിയായ പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയെ തകർക്കാനുള്ള സർക്കാർ ഗൂഢ നീക്കം അനുവദിക്കില്ലെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പോ ആയി ഉയർത്തിയെടുത്ത പാലാ ഡിപ്പോയിൻ നിന്നുള്ള അവശ്യസർവീസുകൾ നിറുത്തലാക്കാനുള്ള നീക്കം പിൻവലിക്കണമെന്നും , തിരികെ എടുത്തിരിക്കുന്ന ബസുകൾ പുനഃസ്ഥാപിക്കണമെന്നും, കെ.എസ്.ആർ.ടി.സി സമുച്ചയം നിർമ്മാണം പൂർത്തീകരിച്ച് ഉടൻ തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ കെ.എസ്.ആർ.ടി.സി അങ്കണത്തിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ഷിനു പാലത്തിങ്കൽ നേതൃത്വം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് മുഖ്യപ്രസംഗം നടത്തി. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ, സന്തോഷ് കാവുകാട്ട്, അഡ്വ.എബ്രഹം തോമസ്, ജോസ് വേരനാനി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് മെബർ ജോസ്‌മോൻ മുണ്ടക്കൽ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാ ഡിപ്പോയിൽ നിന്ന് 30 ഓളം ബസുകൾ യാതൊരു കാരണവുമില്ലാതെ അധികൃതർ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തികൊണ്ടു പോയിരിക്കന്നത് യു.ഡി.എഫിനെ വിജയിപ്പിച്ച ജനങ്ങളോടുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി പ്രസ്താവിച്ചു. പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.