പാലാ : നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതിയാണ് രാമപുരം കുടിവെള്ളപദ്ധതിയെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. കുടിവെള്ളപദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഭരണങ്ങാനത്ത് വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കത്തക്കവിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിക്കും. അൻപത് ശതമാനം കേന്ദ്ര സർക്കാർ വിഹിതവും അൻപതു ശതമാനം സംസ്ഥാന സർക്കാർ വിഹിതവുമാണ്. സംസ്ഥാന വിഹിതത്തിൽ 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതും പത്ത് ശതമാനം ഉപഭോക്താക്കളുടേതുമാണ്. ഗ്രാമീണ വീടുകളിൽ വെള്ളം നേരിട്ടെത്തിക്കുക എന്ന ലക്ഷൃത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജലജീവൻ മിഷന്റെ ഭാഗമായി ചേരണമെന്ന് പഞ്ചായത്തുകൾ പ്രമേയം പാസാക്കി നൽകണം. ഇക്കാര്യങ്ങളെക്കുറിച്ച് പഞ്ചായത്തുകളോട് വിശദീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചു ചേർക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ടി ജെ ബെഞ്ചമിൻ, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, വിനോദ് ചെറിയാൻ വേരനാനി, റെജി മാത്യു ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.