കട്ടപ്പന: വെള്ളിലാംകണ്ടത്തുനിന്ന് വനപാലകർ പിടികൂടിയ തടി കാഞ്ചിയാറിലെ അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസ് പരിസരത്തേയ്ക്ക് മാറ്റി. മോഷണം പോകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പിക് അപ്പിൽ പ്രധാന റോഡിൽ എത്തിച്ച് ലോറിയിൽ കയറ്റി ഓഫീസ് പരിസരത്തേയ്ക്ക് എത്തിച്ചത്. ഏലമലക്കാടുകളിൽ നിന്നു മുറിച്ചുകടത്തി വെള്ളിലാംകണ്ടത്ത് സൂക്ഷിച്ച 5 മെട്രിക് ടൺ തടിയാണ് സെക്ഷൻ ഫോറസ്റ്റർ കെ.ജെ. ദീപക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സി.പി.ഐ. മണ്ഡലം സെക്രട്ടറിയും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.ആർ. ശശി വാങ്ങി സൂക്ഷിച്ചിരുന്ന തടിയാണിത്. ചോരക്കാലി, തെള്ളി, വെള്ളപ്പൈൻ തുടങ്ങിയ വൻമരങ്ങൾ മുറിച്ച് കഷണങ്ങളാക്കി രണ്ടാഴ്ചയിലധികമായി വെള്ളിലാംകണ്ടത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത ശേഷം തടികൾക്ക് സത അടിച്ചു. സി.എച്ച്.ആറിൽ നിന്ന് വെട്ടിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മരക്കുറ്റികളും കണ്ടെത്തിയിട്ടുണ്ട്. ഏലമലക്കാടുകളിൽ നിന്ന് മരം മുറിക്കാൻ വിരളമായേ അനുമതി നൽകാറുള്ളൂ. കൂടാതെ ചോരക്കാലി മുറിക്കാനും അനുമതിയില്ല. അതേസമയം തടി വാങ്ങി സൂക്ഷിച്ചതാണെന്ന് വി.ആർ. ശശി വനപാലകരെ അറിയിച്ചിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ഏലയ്ക്ക സ്റ്റോറിലെ ആവശ്യത്തിന് പാസുള്ളവരിൽ നിന്നാണ് തടി വാങ്ങിയത്. ഇതിന്റെ വിലച്ചീട്ടും കൈവശമുണ്ടെന്നും ശശി പറഞ്ഞു. അതേസമയം സംഭവത്തിൽ കേസെടുത്തതല്ലാതെ ആരെയും പ്രതി ചേർത്തിട്ടില്ല. റേഞ്ച് ഓഫീസർ റോയി വി.രാജന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.