വൈക്കം : മത്സ്യകൃഷിയുടെ പുത്തൻ അറിവുകൾ സ്വായത്തമാക്കിയ ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾ കരിമീൻ കൃഷിയിലും നേട്ടങ്ങൾ കൊയ്യാൻ വിത്തുകൾ നിക്ഷേപിച്ചു.
തലയാഴം പഞ്ചായത്തിലെ 20 സെന്റ് സ്ഥലത്ത് രണ്ട് കുളങ്ങളിൽ 500 ഓളം കരിമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കരിമീൻ കൃഷി നടത്തി കഴിഞ്ഞ വർഷം 40000 രൂപയുടെ നേട്ടം കൊയ്ത അനുഭവം കൈമുതലാക്കിയാണ് ഈ വർഷവും കൃഷി നടത്തുന്നത്. ആശ്രമം സ്‌കൂൾ വർഷങ്ങളായി നടത്തിവരുന്ന കൃഷിപാഠം പദ്ധതിയുടെ ഭാഗമായാണ് കരിമീൻകൃഷിയും തുടങ്ങിയത്.
ജൈവപച്ചക്കറികൃഷി, ചീരകൃഷി, കപ്പകൃഷി, വാഴ കൃഷി, നെൽ കൃഷി എന്നിവ നടത്തി സ്‌കൂളിന് നേട്ടം കൊയ്യാൻ കഴിഞ്ഞിരുന്നു. വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ നടത്തുന്ന കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരും പി.ടി.എയും കൈകോർക്കുമ്പോൾ ഓരോ പദ്ധതികളും വിജയത്തിളക്കത്തിലേക്ക് കുതിക്കുകയാണ്. കൃഷിപാഠം പദ്ധതിയിൽ നിന്നും ലഭിച്ച അറിവുകളും പരിശീലനങ്ങളും ഓരോ വിദ്യാർത്ഥികൾക്കും കൃഷിയുടെ തരംതിരിവറിഞ്ഞ് മെച്ചപ്പെടുത്താൻ കഴിയുന്നതും നേട്ടങ്ങളുടെ ഭാഗമാണ്.
സഹപാഠിക്കൊരു സാന്ത്വനം പദ്ധതി വിദ്യാഭ്യാസ മേഖലയിൽ ചർച്ചാ വിഷയമായിരുന്നു. സ്റ്റുഡന്റ് പൊലീസ്, എൻ.എസ്.എസ്, ലിറ്റിൽ കൈറ്റ്സ്, റെഡ് ക്രോസ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഓരോ പദ്ധതികളും ഏറ്റെടുത്ത് നടപ്പാക്കുന്നത്.
സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ .ബിന്ദു മത്സ്യകുഞ്ഞുങ്ങളുടെ നിക്ഷേപം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൽമാരായ ഷാജി ടി. കുരുവിള.,എ. ജ്യോതി, പ്രഥമ അദ്ധ്യാപിക പി.ആർ ബിജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ്.നായർ, ടി.പി അജിത്ത്, അദ്ധ്യാപക പ്രതിനിധികളായ റെജി എസ് നായർ, ജിജി, പ്രീതി വി.പ്രഭ, അമൃത പാർവ്വതി എന്നിവർ പങ്കെടുത്തു.