bjp

കട്ടപ്പന: തുടർച്ചയായി കൗൺസിൽ യോഗങ്ങൾ മാറ്റിവയ്ക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. നഗരസഭ ഓഫീസ് പടിക്കൽ ധർണ നടത്തി. 'ഭരണസ്തംഭനം അവസാനിപ്പിക്കുക, നമുക്കൊരുമിച്ച് കൊവിഡിനെ നേരിടാം' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സമരം. ഭരണകക്ഷിയിലെ ഗ്രൂപ്പ് പോരാണ് പ്രതിസന്ധിക്ക് കാരണമെങ്കിലും എൽ.ഡി.എഫ്. മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. നിർണായകമായ പല തീരുമാനങ്ങളും എടുക്കേണ്ട സാഹചര്യത്തിൽ 7 തവണയാണ് യോഗങ്ങൾ മാറ്റിവച്ചത്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. സമീപ പഞ്ചായത്തുകളിൽ പോലും സ്വന്തമായി വാക്‌സിനേഷൻ സെന്ററുകളുണ്ട്. എന്നാൽ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ അനാസ്ഥ മൂലം നഗരസഭയ്ക്ക് സ്വന്തമായി കേന്ദ്രമില്ല. ടൗൺ ഹാളിൽ സെന്റർ തുറക്കാൻ നിർദേശമുണ്ടായിട്ടും നടപടിയും സ്വീകരിച്ചില്ല. അടിയന്തരമായി കൗൺസിൽ യോഗം ചേർന്നില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ തങ്കച്ചൻ പുരയിടം, രജിത രമേശ്, നഗരസഭ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് പതാലിൽ, വള്ളക്കടവ് ഏരിയാ കമ്മറ്റി പ്രസിഡന്റ് അഭിലാഷ് കെ.എസ്. തുടങ്ങിയവർ പങ്കെടുത്തു.