രാജകുമാരി: രാജകുമാരിയിൽ മരം വീണ് രണ്ട് വീടുകൾക്ക് ഷ്ടം സംഭവിച്ചു. രാജകുമാരി കുരിശിങ്കൽ ബെന്നി, കുംഭപ്പാറ സ്വദേശി ചുരുളിപാണ്ടി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടങ്ങളുണ്ടായത്. ബെന്നിയുടെ വീടിന്റെ മുകളിലേയ്ക്കു ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മരം പതിച്ചത്.വീടിന് പിൻ ഭാഗത്ത് നിന്ന വലിയ ചേല മരം കടപുഴകി വിഴുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലിരുന്ന ബെന്നിയുടെ മകൻ ഈ സമയം ഓൺലൈൻ പഠനത്തിലായിരുന്നു. കുട്ടി ഇരുന്ന മുറിയുടെ മുകളിലേക്കാണ് മരം പതിച്ചത്. കുട്ടി പരുക്കുകൾ ഏൽക്കാതെ രക്ഷപെട്ടു.വീടിന്റെ പിൻ ഭാഗത്ത് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. കുംഭപാറ ചുരുളിപാണ്ടിയുടെ വീടിന്റെയും പിൻ ഭാഗത്താണ് മരം വീണത്. മേൽക്കൂരക്ക് കേടുപാടുകൾ സംഭവിച്ചു ആർക്കും പരുക്കില്ല.