കട്ടപ്പന: ചിന്നമ്മ കൊലപാതക കേസിൽ ഭർത്താവ് ജോർജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ കോടതി അനുമതി നൽകി. ലാബ് അവധിയായതിനാൽ തിയതി തീരുമാനിച്ചിട്ടില്ല. നേരത്തെ നുണ പരിശോധനയോട് സഹകരിക്കുമെന്ന് ജോർജ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ചിന്നമ്മയെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ട് 2 മാസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് സൂചന പോലുമില്ലാത്തത് വിമർശനത്തിനിടയാക്കിയിരുന്നു. ലോക്ക്ഡൗണിൽ ചോദ്യം ചെയ്യലും നിലച്ചു. ചിന്നമ്മയുടെ ശരീരത്തിൽ നിന്ന് കാണാതായ 4 പവൻ സ്വർണാഭരണങ്ങളും ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രി, ഡി.ജി.പി. തുടങ്ങിയവർക്ക് പരാതി നൽകി.
കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) യെ ഏപ്രിൽ എട്ടിന് പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് ശ്വാസം മുട്ടിയാണ് മരണമെന്ന് തെളിഞ്ഞത്. ഭർത്താവ് ജോർജാണ് ചിന്നമ്മയുടെ ശരീരത്ത് ഉണ്ടായിരുന്ന 4 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് മൊഴി നൽകിയത്. തുടർന്ന് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മുറ്റത്തും പുരയിടത്തിലും ദിവസങ്ങളോളം പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താൻ കഴിഞ്ഞില്ല. ഫോറൻസ് സംഘവും വിരലടയാള വിദഗ്ദ്ധരും നടത്തിയ പ്രാഥമിക പരിശോധനയിൽ പുറത്തുനിന്നുള്ള മറ്റാരെങ്കിലും വീടിനുള്ളിൽ കയറിയതായുള്ള തെളിവുകളും കണ്ടെത്താനായില്ല. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മറ്റ് ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ കവർച്ച നടന്നതായും സംശയിക്കാനാകില്ല. മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന് സംശയിക്കത്തക്ക തെളിവുമില്ല. ചിന്നമ്മയുടെ ശരീരത്തിൽ മുറിവുകളോ മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ല. ചിന്നമ്മയുടെ മൃദേഹം കണ്ടെത്തിയ മുറിയുടെ തറയിൽ സോപ്പ്‌പൊടി വിതറിയിരുന്നതായി കണ്ടെത്തിയിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ, സി.ഐ വി. ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ അന്വേഷണ സംഘം 70ൽപ്പരം പേരെ ഇതിനോടകം ചോദ്യം ചെയ്തു. സമീപത്തെ വീടുകളിലെയും കടകളിലെയും സി.സി. ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചു. ജോർജിനെ പലതവണയായി 20 മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടും അന്വേഷണത്തിന് സഹായകരമായ വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്നാണ് നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്.