ചങ്ങനാശേരി : ഇനി കുഴിയിൽ ചാടി നടുവൊടിയില്ല. പൊട്ടിപ്പൊളിഞ്ഞ് നാട്ടുകാർക്ക് ദുരിതയാത്ര സമ്മാനിച്ചിരുന്ന ചാലച്ചിറ-കല്ലുകടവ് -കോയിപ്പുറം ജംഗ്ഷൻ റോഡ് പുനർനിർമ്മിക്കുന്നു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കുക. എസ്റ്റിമേറ്റ് ജോലികൾ നടത്തുന്നതിനായി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അധികൃതർ റോഡ് സന്ദർശിച്ചു. നിലവിൽ റോഡിലൂടെ കാൽനടയാത്ര പോലും പ്രയാസകരമാണ്. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. മുമ്പ് വാഹനങ്ങൾ നിയന്ത്രണംവിട്ടു തോട്ടിലേക്ക് മറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. അടുത്തിടെ കല്ലുകടവ് പാലം നവീകരിച്ചതോടെ റോഡിൽ തിരക്കേറിയിരുന്നു. ഇത്തിത്താനം ഇളംകാവ് ദേവീക്ഷേത്രം, പൊടിപ്പാറ തിരുകുടുംബ ദേവാലയം, ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂൾ, ഇളംകാവ് വിദ്യാമന്ദിർ, ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണ്. കുറിച്ചി പഞ്ചായത്ത് അധികൃതർ മുൻ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.
റോഡ് പരിശോധിച്ചു
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ റോഡ് പരിശോധിച്ചു. അഡ്വ ജോബ് മൈക്കിൾ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, പഞ്ചായത്തംഗം ബിജു എസ്.മേനോൻ, മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം.എൻ മുരളീധരൻ നായർ, ഇത്തിത്താനം എച്ച്.എസ്.എസ് പ്രിൻസിപ്പാൾ പി.കെ അനിൽകുമാർ, ടി.വി ഷൈൻ മോൻ, നിഖിൽ എസ് എന്നിവർ പങ്കെടുത്തു.