private

കോട്ടയം: സ്വകാര്യബസുകൾ കരാറെടുത്ത് സർവ്വീസ് നടത്താൻ സർക്കാർ ആലോചന. കൊവിഡ് നിയന്ത്രണത്തെത്തുടർന്ന് രണ്ടു വർഷത്തിലേറെയായി വൻ നഷ്ടത്തിലായ സ്വകാര്യബസ് വ്യവസായത്തിന് ആശ്വാസം നൽകാനാണ് കരാർ സർവ്വീസ് ആലോചനയിലുള്ളത്. ഓരോ സ്വകാര്യ ബസിന്റെയും നിലവിലെ റൂട്ടിൽ സർവ്വീസ് നടത്താൻ പ്രത്യേകമായ സൊസൈറ്റി ഇതിനായി രൂപീകരിക്കും. ദിവസ കളക്ഷന്റെ നിശ്ചിത വിഹിതം ഉടമയ്ക്ക് ലഭിക്കും.

ബസിനൊപ്പം ഡ്രൈവറെയും ഉടമ വിട്ടുകൊടുക്കും. കണ്ടക്ടറെ നിയമിക്കുക, ഇന്ധനം നിറയ്ക്കുക തുടങ്ങിയ ചിലവുകൾ സർക്കാർ വഹിക്കും. എല്ലാ ദിവസവും ഓട്ടത്തിനുശേഷം ഉടമയ്ക്ക് ബസ് തിരികെ കൊടുക്കും. അറ്റകുറ്റപ്പണികൾ ഉടമ വഹിക്കണം. 40 ലക്ഷം വരെ രൂപ ചെലവിൽ ബസ് വാങ്ങി നിരത്തിലിറക്കിയ ശേഷം രണ്ടു വർഷമായി ഓട്ടമില്ലാതെ കിടക്കുകയാണ് ജില്ലയിലെ ആയിരത്തോളം സ്വകാര്യബസുകൾ.

മാസം മുക്കാൽ ലക്ഷത്തോളം രൂപ പലിശ, നികുതി ഇനത്തിൽ ഉടമ അടയ്ക്കേണ്ടതുണ്ട്. ഏറെ ബസുകളും ജപ്തി ചെയ്യപ്പെടാവുന്ന സാഹചര്യത്തിലാണ്. ഇതോടെ ഉടമകൾ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. നഷ്ടത്തിൽ മുങ്ങിയതോടെ 600 സ്വകാര്യബസുകളാണ് വിൽക്കാൻ ഉടമകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഭാവി സാധ്യതയില്ലാത്ത പ്രസ്ഥാനമായതോടെ ആരും ബസുകൾ വാങ്ങാൻ മുന്നോട്ട് വരുന്നില്ല. ഇത്തരത്തിൽ ലക്ഷണങ്ങളുടെ ബാധ്യത നേരിടുന്ന ബസ് ഉടമകൾക്ക് ആശ്വാസമായാണ് ബസുകൾ സർക്കാർ കരാറെടുത്ത് ഓടിക്കാനുള്ള ആലോചന. ഈ സംവിധാനത്തോട് സഹകരിക്കാനുള്ള താൽപ്പര്യം മിക്ക ഉടമകളും പ്രകടിപ്പിച്ചുകഴിഞ്ഞു. സ്വകാര്യലൈൻ ബസുകൾക്ക് പുറമെ ഓട്ടം നിലച്ച ടൂറിസ്റ്റ് ബസ് ഉടമകളും കരാർ ഓട്ടത്തിന് ബസുകൾ വിട്ടുകൊടുക്കാനുള്ള താൽപ്പര്യത്തിലാണ്.