അടിമാലി: അടിമാലി ടൗണുമായി ചേർന്ന് കിടക്കുന്ന കുര്യൻസ് പടി അപ്‌സരകുന്ന് റോഡിന്റെ ഭാഗമായ തകർന്ന പാലം പുനർനിർമ്മിക്കാൻ നടപടിയില്ല.2018ലെ പ്രളയത്തിലായിരുന്നു ഇരുഭാഗത്തു നിന്നും തൂണുകൾ ഇളകി പാലം അപകടാവസ്ഥയിലായത്.വാഹനഗതാഗതം നിലച്ച ഈ റോഡിലൂടെ കാൽനട യാത്ര മാത്രമെ ഇപ്പോൾ സാദ്ധ്യമാകൂ.അടിമാലി ടൗണിൽ ബൈപ്പാസ് റോഡായി കൂടി ഉപയോഗിക്കാൻ കഴിയുന്ന പാതയാണ് കുര്യൻസ് പടി അപ്‌സരാകുന്ന് റോഡ്.റോഡിന്റെ ഇരുഭാഗത്തും ഇരുമ്പു കമ്പികൾ സ്ഥാപിച്ച് ഇതുവഴിയുള്ള യാത്രവിലക്കിയിരിക്കുകയാണ്.പ്രദേശവാസികൾ കാൽനടയാത്രക്ക് ഈ വഴിയെ ആശ്രയിച്ച് പോരുന്നുണ്ട്.നിരവധി തവണഅധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്‌നപരിഹാരമുണ്ടായിട്ടില്ല. സമീപവാസികൾ ഉൾപ്പെടെ അടിമാലി ടൗണിലേക്കെത്തുന്ന നിരവധി ആളുകൾ ആശ്രയിച്ച് വന്നിരുന്ന പാത പാലത്തിന്റെ നിർമ്മാണം നടക്കാതെ വന്നതോടെ അടഞ്ഞ മട്ടാണ്.ടൗണിൽ സെന്റർ ജംഗ്ഷൻ ഭാഗത്ത് ഗതാഗതകുരുക്കുണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ച് വിടാൻ മുമ്പ് ഈ വഴി പ്രയോജനപ്പെടുത്തിയിരുന്നു.റേഷൻ കടയടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിച്ച് പോരുന്നുണ്ട്.