വൈക്കം: വായ്പാ ലഭ്യതയുടെ പേരിൽ വൈദ്യുതി വിതരണരംഗം സ്വകാര്യ കുത്തകൾക്ക് തീറെഴുതുവാനുള്ള കേന്ദ്രസർക്കാരിന്റെ കെണിയിൽ സംസ്ഥാന സർക്കാർ വീഴരുതെന്ന് കേരളാ ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.വി. മനോജ് ആവശ്യപ്പെട്ടു. നിലവിൽ വൈദ്യുതി ചാർജ്ജ് കുറയും എന്ന് അവകാശപ്പെട്ട് സ്വകാര്യവത്ക്കരണത്തിലേയ്ക്ക് കടന്നാൽ ഇന്ന് എണ്ണക്കമ്പനികൾ ഇന്ധന വിലയിലൂടെ ജനങ്ങളെ കൊള്ളയടിയുന്നതിന്റെ മറ്റൊരു രൂപമായി വൈദ്യുതി മേഖല മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓൺലൈനായി ചേർന്ന കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോൺഫെഡറേഷൻ കോട്ടയം ജില്ലാ കമ്മറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.വി. മനോജ്. ഓഫിസേഴ്‌സ് കോൺഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് റ്റി.പി.സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ എം.കെ.രാജ് കുമാർ, കെ.ഐ സോണിച്ചൻ, കെ.ആർ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.