കുമരകം: വെള്ളെപ്പൊക്ക ഭീക്ഷണി നേരിടാൻ ഒരോ വർഷവും നെൽ കർഷകൻ ചിലവാക്കുന്നത് ലക്ഷങ്ങൾ. 2018 മുതലുള്ള വെള്ളപ്പൊക്കം കർഷകന്റെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു. വിരിപ്പു കൃഷിയിറക്കിയ കുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളിലേയും കൃഷി വെള്ളം കയറിയും മട വീണും നശിച്ചു.2019 -ലും ഒട്ടുമിക്ക പാടശേഖരങ്ങളിലേയും കൃഷി വെള്ളത്തിലായി .2020-ലും വിരിപ്പു കൃഷി സംരക്ഷിക്കാനായത് ഏതാനും പാടശേഖരങ്ങൾക്ക് മാത്രം. വേണ്ടത്ര ഉയരം ഉള്ളതും ബലം ഉള്ളതുമായ പുറം ബണ്ടില്ലാത്തതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. പഴഞ്ചൻ രീതിയിലുള്ള പറയും പെട്ടിയും ഉപയോഗിച്ചുളള പമ്പിംഗ് മടവീഴ്ചയ്ക്ക് കാരണമാകുന്നുണ്ട് . ഹൊറിസോണ്ടൽ പമ്പ് സെറ്റ് അനുവദിച്ചു നൽകണെമെന്ന കർഷകരുടെ ആവശ്യവും ബന്ധപ്പെട്ടവർ പരിഗണിക്കുന്നില്ല. പാടശേഖരത്തിലെ കട്ട ഉപേയോഗിച്ചു നിർമ്മിച്ചിരിക്കുന്ന പുറംബണ്ടാണ് എല്ലാ പാടശേഖരങ്ങൾക്കുമുള്ളത്. അവയുടെ പുറംഭാഗം കല്ലുകെട്ടി ബലപ്പെടുത്തിയിട്ടുള്ളവയും ഉണ്ട് . എന്നാൽ ഈ കൽക്കട്ടിന്റെ ഉയരം തീരെ കുറവാണ്. തോട്ടിലെ കട്ടകുത്തിവെച്ച് റിംഗ് ബണ്ട് ഉണ്ടാക്കിയാണ് വിരിപ്പു കൃഷിക്കായി ബണ്ടിന്റെ ഉയരം കൂട്ടുന്നത്. വെള്ലം കവിഞ്ഞൊഴുകുന്നതോടെ റിംഗ് ബണ്ട് നശിക്കും. അടുത്ത കൃഷിക്കായി വീണ്ടും റിംഗ് ബണ്ട് നിർമ്മിക്കാൻ തോട്ടിൽ നിന്നും കട്ട ലഭിക്കില്ല. കിഴക്കൻ കുന്നുകളിൽ നിന്നും പൂഴി എത്തിച്ച് ചാക്കിൽ നിറച്ച് അട്ടിയായി അടുക്കിയാണ് ബണ്ടിന്റെ ഉയരം കൂട്ടുന്നത് . ഈ ബണ്ടും പ്ലാസ്റ്റിക് ചാക്ക് നശിക്കുന്നതോടെ നാമാവിശേഷമാകും. ഇങ്ങനെ താത്ക്കാലിക ബണ്ടിനായി ഓരോ പാടശേഖരങ്ങളും ഓരോ കൃഷിക്കും ചില വാക്കുന്നത് ലക്ഷങ്ങളാണ്.
പരാതി ആര് കേൾക്കാൻ
കർഷകരിൽ നിന്നും പിരിവെടുത്താണ് ബണ്ട് നിർമ്മാണം .എല്ലാ വർഷവും പാടശേഖരസമതി സെക്രട്ടറിമാർ കൃഷി ഓഫീസിൽ അറിയിക്കുന്ന പ്രധാന ആവശ്യം പുറം ബണ്ടിന്റെ കരിങ്കൽ കെട്ടിന്റെ ഉയരം കൂട്ടണം എന്നാണ്. എന്നാൽ നാളിതു വരെ ബണ്ടിന്റെ ഉയരം കൂട്ടാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കുമരകം ഇടവട്ടം പാടശേഖരസമതി സെക്രട്ടറി പ്രകാശൻ താെണ്ണൂറിൽച്ചിറ പറഞ്ഞു. കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിൽ പുറം ബണ്ട് ബലപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.