കട്ടപ്പന: നത്തുകല്ലിൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം. നെയ്വേലിക്കുന്നേൽ ജോളി കുര്യന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് മോഷണ ശ്രമമുണ്ടായത്. വീട്ടുടമ ഭോപ്പാലിൽ ആയതിനാൽ ഇന്നലെ രാവിലെ വീട് വൃത്തിയാക്കാൻ എത്തിയ ജോലിക്കാരിയാണ് മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. രണ്ട് നില വീടിന്റെ എല്ലാ വാതിലുകളും തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാൻ നടപടി തുടങ്ങി. ജോളി കുര്യൻ സ്ഥലത്തെത്തിയെങ്കിൽ മാത്രമേ മറ്റെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ കഴിയൂ.
കട്ടപ്പന സി..ഐ. ബി. ജയൻ, എസ്.ഐ. എം.വി. അരുൺദേവ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മുറിക്കുള്ളിൽ നിന്ന് മണം പിടിച്ച പൊലീസ് നായ ജനി അരക്കിലോമീറ്ററോളം ദൂരം ഓടി സമീപത്തെ ചില വീടുകളുടെ മുറ്റത്തും എത്തി. സമീപത്തെ വീടുകളിലെ സി.സി. ടി.വി. ദൃശ്യങ്ങളും ശേഖരിക്കും