കോട്ടയം: ഇന്ധന വില അടിക്കടി വർദ്ധിപ്പിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നത് ദുരിതകാലത്തെ ആസൂത്രിത കൊള്ളയാണെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. ഇന്ധന വില വർദ്ധനവിനെതിരെ പാർട്ടി സംസ്ഥാന കമ്മറ്റി കോട്ടയം ഹെഡ്‌ പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2014ൽ അധികാരത്തിൽ വന്നതിന്‌ ശേഷം അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില കുറയുന്നതിന് അനുസരിച്ച് ഒരു ഘട്ടത്തിൽപ്പോലും പെട്രോളിന്റെയും, ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. കേന്ദ്രം ഈടാക്കുന്ന ഭീമമായ എക്‌സൈസ് തീരുവ അടിയന്തിരമായി കുറയ്ക്കണം. സാമ്പത്തികമായി സാധാരണജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ മാസങ്ങളായി മുടങ്ങികിടക്കുന്ന പാചവവാതക സബ്‌സിഡി ഉടൻ വിതരണം ചെയ്യണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു. തോമസ് ചാഴിക്കാടൻ എം.പി, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, ജോജി കുറുത്തിയാടൻ എന്നിവർ പ്രസംഗിച്ചു.