കട്ടപ്പന: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ വെള്ളിലാംകണ്ടത്ത് വിസ്മൃതിയിലായിരുന്ന തോട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പുനർസൃഷ്ടിച്ചു. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ. വെള്ളിലാംകണ്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ തോടിന് പുനർജന്മം നൽകിയത്. കാഞ്ചിയാർ പഞ്ചായത്തിലെ വെള്ളിലാംകണ്ടത്തുനിന്ന് തപോവൻ ഭാഗത്തേയ്ക്ക് പാലം നിർമിച്ചതോടെയാണ് തോട് ദിശമാറി ഒഴുകിത്തുടങ്ങിയത്. മഴക്കാലത്ത് ഇവിടെ മണ്ണടിഞ്ഞതോടെ ഒഴുക്ക് നിലച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ തോട് ഇല്ലാതായി. പിന്നീടുള്ള കാലവർഷങ്ങളിൽ ഒഴുകിപ്പോകാൻ ചാലില്ലാതായതോടെ വെള്ളം പരന്നൊഴുകി വെള്ളക്കെട്ടും രൂക്ഷമായിരുന്നു.
ഞായറാഴ്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സ്ഥലത്തെത്തി കാടുകയറി ഭാഗം വെട്ടിത്തെളിച്ച് ചാല് കീറി തോട് പുനർ സൃഷ്ടിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹിം, . എ. രാജ എം.എൽ.എ തുടങ്ങിയവർ ചിത്രങ്ങളും വിവരണവും ഫേസ്ബുക്ക് പേജുകളിൽ പങ്കുവഹിച്ചിട്ടുണ്ട്. സ്വരാജ് മേഖല കമ്മിറ്റിയംഗം ഉണ്ണി രാജു, യൂണിറ്റ് സെക്രട്ടറി വിശാഖ് മോഹൻദാസ്, ടി.ആർ. രതീഷ്‌മോൻ, പി.എസ്. അനൂപ്കുമാർ എന്നിവർ നേതൃത്വം നൽകി.