മുണ്ടക്കയം: ജില്ലയുടെ വനാതിർത്തി ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തി വന്യമൃഗശല്യം രൂക്ഷമായി. ശബരിമല വനത്തിൽ നിന്നും ഉൾപ്പെടെ കാട്ടാനകൾ നാട്ടിൽ ഇറങ്ങുന്നതാണ് പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്നത്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ മുണ്ടക്കയം, എരുമേലി, കോരുത്തോട് ഗ്രാമപഞ്ചായത്തുകളുടെ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒന്നര വർഷമായി കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പമ്പാവാലി, ഏയ്ഞ്ചൽവാലി, കാളകെട്ടി, പുഞ്ചവയൽ, 504 കോളനി , പുലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ വർഷം എഴുപതോളം ഏക്കറിലെ കൃഷിയാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. കാട്ടാനശല്യം തടയാൻ സുരക്ഷാ സംവിധാനങ്ങൾ ഏർപെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇഴയുകയാണ്.
ആനകൾ പരമ്പരാഗതമായി സഞ്ചരിച്ച് പോരുന്ന ആനത്താരകൾ തെളിച്ചതാണ് ആനകൾ നാട്ടിലേയ്ക്ക് ഇറങ്ങുവാൻ പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്. വനത്തിനുള്ളിൽ കാരിത്തോട് മേഖലയിൽ 500 ഏക്കറോളം തെളിച്ച് വനംവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ തൈകൾ വെച്ചിരുന്നു. ഇതിന് ചുറ്റും സോളാർ വേലികളും തീർത്തു . ഇതോടെയാണ് കാട്ടാനകൾ നാട്ടിലേയ്ക്ക് ഇറങ്ങുവാൻ പ്രധാന കാരണം. ആനയെ കൂടാതെ കരടിയും കാട്ടുപന്നിയും മേഖലകളിൽ സജീവമാണ്. മുമ്പ് കൊമ്പുകുത്തിയിൽ നാട്ടിലിറങ്ങിയ കരടി ജനവാസമേഖലയിലെ കിണറ്റിൽ വീഴുകയും ഒരു ദിവസത്തിന് ശേഷം വനപാലകരുടെ നേതൃത്വത്തിൽ പുറത്തെടുക്കുകയും ചെയ്തിരുന്നു.
എവിടെ സോളാർവേലി
വനാതിർത്തി പ്രദേശങ്ങളിൽ സോളാർ വേലികൾ സ്ഥാപിച്ചാൽ കാട്ടാനയും മറ്റും നാട്ടിലിറങ്ങുന്നത് തടയാനാവും. എന്നാൽ സോളാർ വേലികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല. മുൻകാലങ്ങളിൽ കുത്തിയ കിടങ്ങുകൾ മാത്രമേ ചിലയിടങ്ങളിൽ ഇപ്പോൾ സുരക്ഷാ മാർഗമായി നിലവിലുള്ളു.
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷികൾ നശിപ്പിക്കുന്നുണ്ട്. കൃഷി സംരക്ഷിക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം.
പികെ സലിദാസ് ( കർഷകൻ )
നരിവേലി കോരുത്തോട്
(പെരിയാർ ടൈഗർ റിസർവിലെ 2002ലെ കണക്ക്)
കടുവ:32
പുള്ളിപുലി:എട്ട്
കാട്ടുനായ്ക്കൾ:18
കാട്ടുപന്നി:422
മാൻ:66
സിംഹവാലൻ കുരങ്ങ്:102
മ്ലാവ്:249
കാട്ടുപോത്ത്:249
കരടി:30
ആനകൾ: 270