മുണ്ടക്കയം : മുണ്ടക്കയം ബിവറേജ് ഔട്ട്ലെറ്റിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.സുൽഫിക്കർ പറഞ്ഞു. സ്റ്റോക്കിൽ നൂറുകേസ് മദ്യത്തിന്റെ കുറവാണ് കണ്ടെത്തിയത്. ഇതിന് മാർക്കറ്റിൽ ഏകദേശം എട്ടര ലക്ഷത്തോളം രൂപ വില വരും. ഷോപ്പ് ജീവനക്കാരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. ലോക്ക് ഡൗൺ മൂലം കഴിഞ്ഞ മാർച്ചിൽ കാര്യമായ പരിശോധനകൾ നടന്നിട്ടില്ല. ഇതിന്റെ മറവിലായിരുന്നു മദ്യക്കടത്ത്. രാത്രിയുടെ മറവിൽ ജീവനക്കാരുടെ ഒത്താശയോടെ ചാക്കുകണക്കിന് മദ്യമാണ് കടത്തിയത്. ആയിരം മുതൽ 1500 രൂപ വിലയ്ക്ക് ആയിരുന്നു വില്പന. ഷോപ്പ് ഇൻ ചാർജ് പുഞ്ചവയൽ 504 സ്വദേശിയെ പ്രതിയാക്കിയാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഔട്ട്ലെറ്റിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത് മറ്റ് ചിലരായിരുന്നെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യും.