അടിമാലി: അടിമാലി ഫോറസ്റ്റ് റേഞ്ചിൽ വിവാദ ഉത്തരവിന്റെ മറവിൽ വെട്ടിയത് തേക്കും ഈട്ടിയും ഉൾപ്പെടെ 289 മരങ്ങൾ.മതിയായ രേഖകൾ ഇല്ലാതെയാണ് ഈട്ടിയടക്കമുള്ള മരങ്ങൾ വെട്ടിയത്. ആനവരട്ടി വില്ലേജ് പരിധിയിൽ ഈട്ടി വെട്ടയതിന് വനം വകുപ്പ് കേസെടുത്തു. സ്ഥലം ഉടമയ്ക്കും കച്ചവടക്കാർക്കുമെതിരെയാണ് കേസ്. അടിമാലി ഫോറസ്റ്റ് റേഞ്ചിൽ നടന്നത് അനധികൃത മരം മുറിയാണെന്ന് കൂടുതൽ വ്യക്തമാകുകയാണ്. 2020 ജനുവരി മുതൽ വിവാദ ഉത്തരവ് റദ്ദാക്കുന്ന കാലയളവ് വരെ 298 അപേക്ഷകളാണ് മരം വെട്ടുന്നതിന് അനുമതി തേടിക്കൊണ്ട് റേഞ്ച് ഓഫീസർക്ക് ലഭിച്ചത്. അതിൽ 98 ശതമാനം അപേക്ഷകളും റേഞ്ച് ഓഫീസർ അനുവദിച്ചു. ഈ ഉത്തരവിന്റെ മറവിൽ ഏതാണ്ട് മുന്നൂറിലധികം മരങ്ങളാണ് വെട്ടിക്കടത്തിയത്. പലയിടത്തും മതിയായ രേഖകൾ ഇല്ലാതെയാണ് റേഞ്ച് ഓഫീസർ മരം മുറിക്ക് അനുമതി നൽകിയതെന്ന് വ്യക്തമായിട്ടുണ്ട്. കല്ലാറിൽ ആനവിരട്ടി വില്ലേജിൽ ഈട്ടി മരങ്ങൾ വെട്ടാൻ അനുമതി നൽകിയതും നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി. തഹസിൽദാറുടെ അനുമതിയില്ലാതെയാണ് ഇവിടെ ഈട്ടിവെട്ടിക്കടത്തിയത്. സംഭവത്തിൽ ഇന്നലെ ഫ്‌ളയിംഗ് സ്‌ക്വാഡ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥല ഉടമയെയും കച്ചവടക്കാരെയും പ്രതിയാക്കിയാണ് കേസ്. കൊന്നത്തടി പഞ്ചായത്തിലെ മങ്കുവയിൽ ഈട്ടിമരങ്ങൾ വെട്ടിയത് നിയമ വിരുദ്ധമാണെന്ന് കണ്ടെത്തൽ. ഇവിടെ മരം മുറി നടന്നത് റവന്യു പുറം പോക്കിലാണെന്ന് സ്ഥലത്ത് പരിശോധന നടത്തിയ സർവെയർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. റീസർവെ രേഖകളിൽ മരം മുറി നടന്ന സ്ഥലം പാറ പുറം പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടയ രേഖളിലെ സ്‌കെച്ച് ഭൂമിയോട് യോജിക്കുന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർവെയർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതോടെ നിയമ പരമായിട്ടാണ് മരം മുറിക്ക് അനുമതി നൽകിയതെന്ന അടിമാലി റേഞ്ച് ഓഫീസറുടെ വാദം പൊളിയുകയാണ്