പാലാ: ഹൈവേ നീളെ കുഴി; അപകടം പതിയിരിക്കുന്നു, മുണ്ടാങ്കലിൽ യാത്ര മുടക്കാൻ കിണർ പോലെയാണ് കുഴികൾ... തിരക്കേറിയ പാലാ-തൊടുപുഴ റോഡിൽ മുണ്ടാങ്കലിലാണ് അപകടക്കെണിയായി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മുണ്ടാങ്കൽ പള്ളിയ്ക്കും സ്‌കൂളിനും ഇടയിലുള്ള ഭാഗത്താണ് വലിയ കുഴികൾ. രണ്ടു ദിവസത്തിനുള്ളിൽ നാല് അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ദിവസം സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികൾ ഭാഗ്യത്തിനാണ് ഗുരുതര പരിക്കേൽക്കാതെ രക്ഷപെട്ടത്. ഈ ഭാഗത്ത് റോഡിൽ പതിവായി കുഴികൾ രൂപപ്പെടുന്നുണ്ട്. പി.ഡബ്ലിയു.ഡി അധികൃതർ താത്ക്കാലികമായി റോഡിലെ കുഴിയടയ്ക്കുമെങ്കിലും ഏതാനും ആഴ്ചകൾക്കകം വീണ്ടും കുഴി രൂപപ്പെടുകയാണ് ചെയ്യുന്നത്. പുതിയ കുഴികൾ രൂപപ്പെട്ടിട്ട് കുറെ നാളുകളായെങ്കിലും ഇത് അടച്ചിട്ടില്ല. നാട്ടുകാർ പല തവണ പൊതുമരാമത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. രാത്രികാല യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.

അപകടസാധ്യതയേറെ...

വലിയ വാഹനങ്ങളുടെ പിന്നാലെ പോകുന്ന ഇരുചക്രവാഹനയാത്രക്കാരിൽ പലരും മഴവെള്ളം നിറഞ്ഞുകിടക്കുന്ന കുഴികൾ ശ്രദ്ധിക്കാറില്ല. ഹൈവേയിൽ ഇത്തരം കുഴികൾ പ്രതീക്ഷിക്കുന്നുമില്ല. അതിനാൽ തന്നെ അപകടസാധ്യത കൂടുതലാണ്. വലിയ കുഴിയിൽ പതിക്കുന്ന ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുകയാണ്. എത്രയും വേഗം കുഴികൾ അടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.