പാലാ: മീനച്ചിലാറിന്റെ പാലാ തോണിക്കടവിൽ കീടനാശിനി തളിച്ചവർക്കെതിരെ കേസില്ല. സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ ചെയർമാന് നിവേദനം കൊടുത്ത രണ്ടംഗസംഘത്തിനെതിരെ കേസും. കീടനാശിനി തളിച്ചവരെ കേസിൽ നിന്നും രക്ഷിക്കാൻ നഗരസഭാ അധികൃതർ നീക്കം നടത്തുന്നതായുള്ള ആരോപണം ശക്തമായി. വാദിയെ പ്രതിയാക്കുന്ന അധികാരികളുടെ നടപടിയിൽ പരക്കെ പ്രതിഷേധമുയർന്നിട്ടുണ്ട്. അതേസമയം കടവുകളിൽ കളനാശിനി തളിക്കുന്ന സംഭവം പോലുള്ളവ ഉണ്ടാവാതെ നോക്കണമെന്നാവശ്യപ്പെട്ടുള്ള നഗരസഭാ അധികൃതരുടെ കത്ത്
കിട്ടിയിട്ടുണ്ടെന്ന് പാലാ പൊലീസ് പറഞ്ഞു. സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പാലാ പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കലും ആംആദ്മി പാർട്ടി പാലാ മണ്ഡലം കൺവീനർ ജയേഷ്‌ജോർജും പാലാ മുനിസിപ്പൽ ചെയർമാന്റെ ഓഫീസിലെത്തി
നിവേദനം നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു രണ്ടംഗ സംഘത്തിന്റെ നിവേദനമെങ്കിലും ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ
നിയമ പ്രകാരം പാലാ പൊലീസ് കേസെടുക്കുകയായിരുന്നു. കുറ്റവാളികളെ ഉടൻ കണ്ടുപിടിക്കാൻ ആവശ്യപ്പെട്ട് പാലാ പൊലീസിൽ പരാതി നൽകുമെന്നായിരുന്നു രണ്ടംഗസംഘത്തോട് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കരയുടെ മറുപടി. ജയേഷിനും ജോയി കളരിക്കനും തൊട്ടുപിന്നാലെ നഗരസഭാ ഭരണപക്ഷത്തെ 7 അംഗ കൗൺസിലർമാർ ഇതേ ആവശ്യം ഉന്നയിച്ച് ചെയർമാന് പരാതി നൽകിയെങ്കിലും ഇവർക്കെതിരെ കേസുമില്ല. രണ്ടംഗ സംഘം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടംകൂടിയതായി കണ്ടെത്തിയവർ ഏഴംഗ സംഘം ഒത്തുചേർന്നത് കണ്ടതും കേട്ടതുമില്ല!

മലക്കംമറിഞ്ഞ് നഗരസഭ

കടവിൽ വിഷം തളിച്ച സംഭവത്തിലുള്ള പരാതി പൊലീസിന് കൈമാറുമെന്ന് ഭരണപക്ഷ അംഗങ്ങളെയും നഗരസഭാ ചെയർമാൻ അറിയിച്ചെങ്കിലും പിന്നീട് ഇക്കാര്യത്തിൽ നിന്ന് ബന്ധപ്പെട്ടവർ മലക്കംമറിഞ്ഞതായാണ് ആക്ഷേപം. വിഷം തളിച്ച സാമൂഹിക വിരുദ്ധർക്കെതിരെ നഗരസഭാ ചെയർമാന് പരാതി കൊടുത്ത ജോയി കളരിക്കനും ജയേഷനിനുമെതിരെ പൊലീസ് കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും അപലപനീയവുമാണന്ന് ആംആദ്മി, പാലാ പൗരാവകാശസമിതി എന്നിവയുടെ സംയുക്തയോഗം
കുറ്റപ്പെടുത്തി.