വൈക്കം: മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്റെ മറവിൽ പോലും നഗരസഭ അധികൃതർ അഴിമതികാട്ടുന്നതായി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. നഗരസഭ ശ്മശാനത്തിന്റെ അറ്റകുറ്റപ്പണിയുടെ പേരിൽ 90000 രൂപയും ബീച്ചിലെ പുല്ല് വെട്ടാനായി 77000 രൂപയും അനുവദിച്ച് പണം തട്ടാൻ നടത്തിയ ശ്രമം പ്രതിപക്ഷ കൗൺസിലർമാർ പ്രത്യക്ഷ സമരത്തിലൂടെ തടയുകയായിരുന്നു. കേവലം 20000 രൂപ പോലും ചെലവാകാത്തിടത്താണ് ഇത്രയും വലിയ തുകകൾ എഴുതിയെടുക്കുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെയാണ് പണം അനുവദിക്കാൻ നടപടി സ്വീകരിച്ചത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിയമനങ്ങൾ നടത്തിയതിലും ക്രമക്കേടുണ്ടെന്ന് ആരോപണമുണ്ട്. ഓൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഈ വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. മുനിസിപ്പൽ സെക്രട്ടറിയുടെ ഒത്താശയോടെയാണ് ക്രമക്കേടുകളെന്നും ആരോപണമുണ്ട്.സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.