കട്ടപ്പന: നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ലേലവുമായി ബന്ധപ്പെട്ട് മുക്കാൽ കോടിയിലധികം രൂപ നഷ്ടമായതായി വിവരം. 2 മാംസ സ്റ്റാളുകൾ, 3 മത്സ്യ സ്റ്റാളുകൾ, പഴയ സ്റ്റാൻഡിലെയും പുതിയ സ്റ്റാൻഡിലെയും കംഫർട്ട് സ്റ്റേഷനുകൾ, പുളിയൻമലയിലെ സ്ലോട്ടർ ഹൗസ്, പഴയ നഗരസഭ ഓഫീസിനു മുമ്പിലെ പാർക്കിംഗ് മൈതാനി എന്നിവ 2020-21 വർഷം ലേലം ചെയ്ത വകയിലാണ് 80 ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് നഷ്ടമായിരിക്കുന്നത്. ലേലത്തിൽ പിടിക്കുന്നയാൾ ആകെത്തുകയുടെ 30 ശതമാനം മുൻകൂറായി അടയ്ക്കണമെന്നും 70 ശതമാനം നഗരസഭ നിശ്ചയിക്കുന്ന രണ്ടോ, മൂന്നോ തവണകളായി അടുത്ത മാർച്ചിന് മുമ്പ് അടച്ചുതീർക്കണമെന്നുമാണ് നിയമം. കൂടാതെ സോൾവൻസി സർട്ടിഫിക്കറ്റ്, നഗരസഭയുമായുള്ള കരാർ എന്നിവയും വേണം. എന്നാൽ കഴിഞ്ഞവർഷം ലേലം പിടിച്ചവരിൽ 2 പേർ ഒഴികെയുള്ളവരിൽ നിന്ന് 30 ശതമാനം തുകയോ സോൾവൻസി സർട്ടിഫിക്കറ്റോ വാങ്ങിയിട്ടില്ല. കൂടാതെ ഇവരുമായി കരാറും ഉണ്ടാക്കിയിട്ടില്ല.
ലേലം പിടിക്കുന്ന വ്യക്തി ബാക്കി തുക നൽകാനുള്ള ആസ്തി തെളിയിക്കുന്ന സോൾവൻസി സർട്ടിഫിക്കറ്റ് നഗരസഭയിൽ നൽകണമെന്നാണ് ചട്ടം. 2019ൽ ലേലത്തിൽ പിടിച്ചവർക്ക് തന്നെയാണ് കഴിഞ്ഞവർഷവും സ്ഥാപനങ്ങൾ നൽകിയത്. എന്നാൽ രേഖകളും നിശ്ചിത തുകയും വാങ്ങാതെയും കരാർ ഉണ്ടാക്കാതെയും സ്ഥാപനങ്ങൾ വിട്ടുനൽകിയത് ദുരൂഹമാണ്. ഇതിനിടെ ലേലത്തിൽ പിടിച്ചവർ തുക നൽകാതിരിക്കാൻ കോടതിയേയും സമീപിച്ചതായി അറിയുന്നു. മുൻ ഭരണസമിതിയുടെ കാലത്താണ് ലേലം നടന്നത്. പിന്നീട് പുതിയ ഭരണസമിതി അധികാരത്തിലെത്തിയിട്ടും തുക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചില്ല.
ലേലവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായും മുൻ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും മുൻ കൗൺസിലറും സി.പി.ഐ. നേതാവുമായ ഗിരീഷ് മാലിയിൽ ആരോപിച്ചു. ഇവർ ലേലം പിടിച്ചവരിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങി. തുക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കണമെന്നും അഴിമതി നടത്തിയവർക്കെതിരെ നിയമന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.