കട്ടപ്പന: ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട യുവാക്കളെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. അഗ്‌നിശമന സേനയുടെ സ്‌കൂബ ടീമും ദുരന്ത നിവാണ സേനയും നടത്തിവന്ന തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ അവസാനിപ്പിച്ചു. ഉപ്പുതറ മാട്ടുത്താവളം കുമ്മിണിയിൽ ജോയ്‌സ്(31), ഇല്ലിക്കൽപറമ്പിൽ മനു(31) എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കെട്ടുചിറയ്ക്കു സമീപം ഒഴുക്കൻപാറയിൽ കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മാണിക്കകത്ത് രതീഷാ(31) ണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. മൂവരും ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഉപ്പുതറ കാക്കത്തോട് കെട്ടുചിറക്ക് സമീപം ഒഴുക്കൻപാറയിൽ മീൻ പിടിക്കാനെത്തിയതായിരുന്നു. കരയിൽ നിന്ന് വല വീശുന്നതിനിടെ ജോയിസ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനായി മനേഷ് ജലാശയത്തിലേക്ക് ചാടിയെങ്കിലും ഒഴുക്കിൽപ്പെട്ടു. പാറയിൽ പിടിത്തം കിട്ടിയ മനേഷിന് രക്ഷപ്പെടാൻ അവസരം ലഭിച്ചിരുന്നു. ഇതിനിടെ ജോയിസിന്റെ കൈ ഉയർന്നുവന്നത് കണ്ട് വീണ്ടും രക്ഷിക്കാനായി നീന്തിയപ്പോൾ ഇരുവരും മുങ്ങിത്താഴുകയായിരുന്നു.
ഇന്നലെ രാവിലെ സ്‌കൂബ ടീം തിരച്ചിൽ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന ദുരന്ത നിവാരണ സേനയുടെ 20 അംഗ സംഘവും സ്ഥലത്തെത്തി. കാണാതായ സ്ഥലം മുതൽ 5 കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തിയെങ്കിലും പെരിയാറിലെ ശക്തമായ അടിയൊഴുക്കും കനത്ത മഴയും തിരിച്ചടിയായി. ഇന്ന് രാവിലെ മുതൽ വീണ്ടും തിരച്ചൽ പുനരാരംഭിക്കും. ആർ.ഡി.ഒ. അനിൽ ഉമ്മൻ, പീരുമേട് തഹസിൽദാർ കെ.എസ്. സതിശൻ, ഡെപ്യൂട്ടി തഹസിൽദാർ മുഹമ്മദ് ദിലീപ്, വില്ലേജ് ഓഫീസർ എം. പ്രിജിമോൻ, ഉപ്പുതറ സി.ഐ. ആർ. മധു, പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജയിംസ് തുടങ്ങിയവർ തിരച്ചിലിന് നേതൃത്വം നൽകി.