uthraja

ചങ്ങനാശേരി: വീടു നിറയെ മെഡലുകളുമായി ഉത്രജ. കോട്ടയം ബെൽ മൗണ്ട് സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഉത്രജയുടെ പഠനമുറി മെഡലുകളും ട്രോഫികളുംകൊണ്ട് നിറഞ്ഞിരിക്കയാണ്. പ്രാദേശികതലം മുതൽ സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ പങ്കെടുത്തു നേടിയ സർട്ടിഫിക്കറ്റുകളും ശില്പങ്ങളും സ്വീകരണ മുറിയുടെ അഴക് വർദ്ധിപ്പിക്കുന്നു. യു.കെ.ജി മുതൽ സമ്മാനം നേടാൻ തുടങ്ങിയതാണ് ചങ്ങനാശേരി മോർക്കുളങ്ങര പുതുപറമ്പിൽ ജെമനി തങ്കപ്പന്റെയും അനില ജമനിയുടെയും ഇളയമകളായ ഉത്രജ.

പ്രസംഗം, കവിതാപാരായണം, ഉപന്യാസം, പെയിന്റിംഗ്, ക്ലാസിക്കൽ ഡാൻസ്, നാടോടി നൃത്തം എന്നിവയാണ് പ്രധാന മത്സര ഇനങ്ങളെങ്കിലും പ്രസംഗകലയോടാണ് ഉത്രജക്ക് ഏറെ ഇഷ്ടം. ജോലി തിരക്കിനിടയിലും മകളുടെ കഴിവുകൾക്ക് കരുത്തും തണലും നൽകി മാതാപിതാക്കൾ കൂടെ നിൽക്കുന്നു.

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന അഖില കേരള സാഹിത്യ മത്സരങ്ങളിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് ഉത്രജ കരസ്ഥമാക്കിയത് പത്തോളം മെ‌ഡലുകളാണ്! യു.കെ.ജി മുതൽ യു.പി തലം വരെ മലയാളം, ഇംഗ്ലീഷ് പ്രസംഗത്തിൽ നിരവധി തവണ ഗോൾഡ് ആൻഡ് സിൽവർ മെഡൽ നേടിയിട്ടുണ്ട് ഉത്രജ. കോട്ടയത്ത് വിവിധ സംഘടനകൾ നടത്തിയിട്ടുള്ള പെയിന്റിംഗ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ, നാടോടി നൃത്തത്തിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം. ഗ്രൂപ്പ് ഡാൻസ് ജില്ലാതലം ഒന്നാം സ്ഥാനം. കോട്ടയം ജവഹർ ബാലഭവൻ ശിശുദിനത്തോട് അനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ കവിതാ പാരായണം, പ്രസംഗം, ക്ലാസിക്കൽ ഡാൻസ്, നാടോടി നൃത്തം, പെയിന്റിംഗ്, മലയാളം ഇംഗ്ലീഷ് പ്രസംഗം എന്നിവയിൽ യു.കെ.ജി മുതൽ യു.പി തലം വരെ പങ്കെടുത്ത എല്ലാം മത്സരങ്ങൾക്കും എ ഗ്രേഡ് നേടി. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ എല്ലാവർഷവും നടത്തുന്ന അഖില കേരള മലയാളം പ്രസംഗ മത്സരത്തിൽ കഴിഞ്ഞ മൂന്നുവർഷമായി ഒന്നാം സമ്മാനവും ഗോൾഡ് മെഡലും നേടുന്നുണ്ട്. തിരുവാർപ്പ് ടി.കെ മാധവൻ ടെസ്റ്റ് നടത്തുന്ന അഖില കേരള മലയാളം പ്രസംഗ മത്സരത്തിൽ തുടർച്ചയായി മൂന്നുവർഷം ഒന്നാം സമ്മാനവും ഈ വർഷം നടന്ന ഓൺലൈൻ മത്സരത്തിൽ രണ്ടാം സമ്മാനവും നേടി. യു.കെ.ജി മുതൽ കേരളത്തിലെ നിരവധി വേദികളിൽ ഗുരുദേവ ദർശനവുമായി ബന്ധപ്പെട്ട ലഘു പ്രഭാഷണങ്ങൾ നടത്തുന്നുണ്ട്. ഗുരുദർശനത്തിന്റെ പ്രചരണത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുക എന്നതും ഉത്രജയുടെ പ്രധാന ലക്ഷ്യമാണ്. സഹോദരി ഉത്തരയും കലാകാരിയാണ്.