fish

കോട്ടയം: ട്രോളിംഗ് നിരോധന സമയത്തും കടൽ മത്സ്യ കച്ചവടം ഉഷാർ. പരിശോധനയില്ലാത്തതിനാൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് സൂക്ഷിച്ച മത്സ്യമാണ് അമിതവിലക്ക് ഇപ്പോൾ വില്പന നടത്തുന്നതെന്നാണ് ആക്ഷേപം. അയിലയും മത്തിയും ഉൾപ്പെടെയുള്ള മത്സ്യങ്ങൾ വിപണിയിലെത്തിയിട്ടുണ്ട്. മത്സ്യം വെട്ടി കഴുകുമ്പോൾ അസഹ്യമായ ഗന്ധം ഉണ്ടാകുന്നതായി വീട്ടമ്മമാർ പറയുന്നു. തന്നെയുമല്ല, മത്സ്യം കഴുകുമ്പോൾ മാംസം അഴുകിപ്പോവുന്നതായും അവർ പരാതിപ്പെട്ടു.

സംസ്ഥാനത്ത് സർക്കാർ ട്രോളിംഗ് നിരോധനം ഏ‌ർപ്പെടുത്തിയിട്ട് ആഴ്ച ഒന്നുകഴിഞ്ഞു. ജൂലായ് 31 വരെ ട്രോളിംഗ് തുടരുന്നതിനാൽ ഇപ്പോൾ മത്സ്യതൊഴിലാളികളും ബോട്ടുകളും മീൻ പിടിക്കാൻ കടലിൽ പോകുന്നില്ല. പിന്നെ എവിടെനിന്ന് ഇത്രയും മത്സ്യം എത്തുന്നുവെന്നാണ് സാധാരണക്കാരുടെ ചോദ്യം. റോഡരുകിലെ തട്ടുകടകളിലും വാഹനങ്ങളിലുമായാണ് കൂടുതൽ വില്പന നടക്കുന്നത്.

ഇതുകൂടാതെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന കാലാവസ്ഥ മുന്നറിയിപ്പും സർക്കാർ നൽകിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മീനിന്റെ ലഭ്യതക്കുറവ് വിപണിയിൽ ഉണ്ടായിട്ടില്ല. ഇക്കാര്യം കച്ചവടക്കാരോട് ചോദിച്ചാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ പോയി പിടിച്ചുകൊണ്ടുവരുന്നതാണെന്നാണ് പറയുന്നത്.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് മൊത്തക്കച്ചവടക്കാർ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് സൂക്ഷിച്ച വച്ച മത്സ്യങ്ങളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നതെന്ന ആക്ഷേപം ശക്തമാണ്.