temple

കോട്ടയം: സമസ്ത മേഖലയ്ക്കും ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ചപ്പോൾ ആരാധനാലയങ്ങളെ ഒഴിവാക്കിയതിൽ പ്രതിഷേധം ഇരമ്പുകയാണ്. വിവിധ സാമുദായ സംഘടനകൾ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. വിഷയത്തിൽ വിവിധ മേഖലകളിലുള്ളവർ പ്രതികരിക്കുന്നു

 വിശ്വാസികളോടുള്ള ക്രൂരത

'' മദ്യശാലകൾ തുറക്കാമെങ്കിൽ എല്ലാ ആരാധനാലയങ്ങളും തുറക്കാവുന്നതേയുള്ളൂ. ദൈവ വിശ്വാസികളോടുള്ള ക്രൂരതയാണിത്. സാമൂഹിക അകലം പാലിച്ച് ആരാധന നടത്താൻ കഴിയും. ആഴ്ചയിൽ പ്രത്യേക ദിവസങ്ങളിലെങ്കിലും ആരാധനാലയങ്ങൾക്ക് ഇളവ് വേണം. ഭക്തരുടെ വികാരം കൂടി സർക്കാർ മാനിക്കണം- ''

എം.മധു, ദേവസ്വം പ്രസിഡന്റ് നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രം

പള്ളികൾ തുറക്കണം. ലോക്ക് ഡൗണിന് മുൻപ്, പുലർച്ചെ കുർബാനയ്ക്കായി പോകുന്നത് പതിവായിരുന്നു. ഇന്ന് ആ ശീലങ്ങൾ ഒക്കെ പൊടിപിടച്ചു. നിരവധി ആളുകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾ പോലും പ്രവർത്തിക്കുന്നു. പിന്നെന്തുകൊണ്ട് പള്ളികൾ മാത്രം അടച്ചിടുന്നു. കുർബാന എണ്ണം വർദ്ധിപ്പിച്ചാൽ ആൾക്കൂട്ട ഭീതി ഒഴിവാക്കാം.

-എം എസ് ഷാനോൻ, ബികോം വിദ്യാർത്ഥിനി


ആളുകളുടെ എണ്ണത്തിൽ ക്രമീകരണം ഏർപ്പെടുത്തി ക്ഷേത്രദർശനം അനുവദിക്കണം. ബിവറേജ് ഔട്ട് ലെറ്റുകൾ പോലും തുറക്കുമ്പോൾ, ആത്മീയ വളർച്ചയും വിശ്വാസവും തഴയപ്പെടുന്നു. ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ആശ്രയിച്ച് കഴിയുന്ന നിരവധി ക്ഷേത്ര ജീവനക്കാരുണ്ട്.

-അർച്ചന അനൂപ്, സിവിൽ എൻജിനിയറിംഗ്

കൊവിഡ് 19 രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഡബ്ല്യു. എച്ച് .ഒയുടെ നിർദേശപ്രകാരം കഴിവതും സാമൂഹിക അകലം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുവാനും കൊവിഡ് പോസിറ്റീവ് നിരക്ക് കുറയുന്നത് വരെ അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുകയുമാണ് വേണ്ടത് . ആരാധനാലയങ്ങൾ തുറക്കാതിരിക്കുകയാണ് നല്ലത്.

-മറിയം ജോയ്‌സി (ബി.എസ് സി അഗ്രികൾച്ചറൽ ബിരുദധാരി)

നിയന്ത്രണങ്ങളോടെയെങ്കിലും ആരാധനാലയങ്ങളും തുറക്കണം. ഭക്തരുടെ വിശ്വാസസംരക്ഷണം മാത്രമല്ല, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്.അവരുടെ തൊഴിലും വരുമാനവുംകൂടി സംരക്ഷിക്കപ്പെടണം.

- ഷാജി എം.ആര്‍, മങ്കുഴിയില്‍, വൈസ് പ്രസിഡന്റ് ,കോരൂത്തോട് ശാഖ.

തല്ക്കാലം ഇന്നത്തെ സ്ഥിതി തുടരുന്നതാണ് നല്ലത്. കൊവിഡ് ഭീതി ഒഴിയുമെന്നുതന്നെയാണ് എല്ലവാവരുടേയും പ്രതീക്ഷ. എല്ലാ വിശ്വാസികളുടേയും പ്രാര്‍ത്ഥനയും അതുതന്നെയാണ്. അതുകൊണ്ട് ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ആരാധിക്കാം. എത്രയുംവേഗം ആരാധനാലയങ്ങള്‍ പഴയതുപോലെ ആകട്ടെ.

- പി. മോഹന്‍ റാം. ഈഴോര്‍വയലില്‍, പൊന്‍കുന്നം.