കട്ടപ്പന: വാഴവരയിലെ അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യം. നഗരസഭയിലെ ആറോളം വാർഡുകൾ പി.എച്ച്.സിയുടെ പരിധിയിലാണ്. പ്രതിദിനം നൂറിലധികം പേർ ഇവിടെ ചികിത്സ തേടിയെത്തുന്നു. 2 ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. വാഴവര മേഖലയിലെ 10 ശതമാനം പേർ മാത്രമേ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളൂ. ഇനിയും നിരവധി പേർക്ക് വാക്‌സിൻ ലഭിക്കാനുണ്ട്. നിലവിൽ താലൂക്ക് ആശുപത്രിയിൽ മാത്രമാണ് വാക്‌സിനേഷൻ കേന്ദ്രമുള്ളത്. ഇവിടെ നിന്ന് താലൂക്ക് ആശുപത്രിയിലെത്തണമെങ്കിൽ 12 കിലോമീറ്റർ സഞ്ചരിക്കണം. ആദ്യ ഡോസ് സ്വീകരിച്ച് 90 ദിവസം കഴിഞ്ഞിട്ടും രണ്ടാമത്തെ ഡോസ് എടുക്കാൻ കഴിയാത്ത നിരവധി വൃദ്ധർ ഇവിടെയുണ്ട്. കോവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ മേഖലയിൽ പൂർണമല്ലെന്നും നാട്ടുകാർ പറയുന്നു. നഗരസഭയും ആരോഗ്യ വിഭാഗവും ഇടപെട്ട് അർബൻ പി.എച്ച്.സിയിൽ വാക്‌സിനേഷൻ കേന്ദ്രം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.