വൈക്കം : പാതിവഴിയിൽ നിലച്ച നേരേകടവ് - മാക്കേക്കടവ് കായൽ പാലത്തിന്റെ നിർമ്മാണം പുന:രാരംഭിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. 2016ലാണ് പാലത്തിന്റെ നിർമ്മാണമാരംഭിച്ചത്. രണ്ടു വർഷത്തെ കാലാവധിയിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും 18 മാസത്തിനകം പാലം പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ കരാറേറ്റെടുത്ത നിർമ്മാണ കമ്പനി ദ്റുതഗതിയിൽ പണി നടത്തുന്നതിനിടയിലാണ് നിർമ്മാണം നിലച്ചത്. സമീപ റോഡിനായി ഇരുകരകളിലും സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം രണ്ടു ജില്ലകളിലെ അവികസിത പ്രദേശങ്ങളുടെ വികസന മുന്നേററത്തിന് വഴി തുറക്കുന്ന പദ്ധതിയെ തകിടം മറിക്കുകയായിരുന്നു. നിർദ്ദിഷ്ട തുറവുർ -പമ്പ ഹൈവേയുടെ ഭാഗമാണ് പാലം. ഈ പാതയുമായി ബന്ധപ്പെട്ട തുറവൂർ പാലം അഞ്ചുവർഷം മുൻപ് പൂർത്തിയായി. എൺപതു ശതമാനത്തോളം പൂർത്തിയായ നേരേകടവ് - മക്കേക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു വർഷത്തോളമായി മുടങ്ങിയിരിക്കുകയാണ്.
750 മീറ്റർ നീളം
വേമ്പനാട്ടുകായലിലെ ഏറ്റവും വീതി കുറഞ്ഞ നേരേകടവ് - മക്കേക്കടവ് ഫെറിയിൽ 750 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. കൊച്ചിയിലെ ഗോശ്രീ പാലം പണിത കമ്പനിയ്ക്കാണ് കായൽ പാലത്തിന്റെ നിർമ്മാണ കരാർ. കായൽപാലം യാഥാർഥ്യമാകുന്നതോടെ വൈക്കത്ത് നിന്ന് എട്ടുകിലോമീറ്റർ സഞ്ചരിച്ചാൽ നാഷൽ ഹൈവേയിലെത്താം. കോട്ടയം എറണാകുളം യാത്ര കിലോമീറ്ററുകൾ ലാഭിക്കാനാകും.
വിനോദ സഞ്ചാര വികസനത്തിന് ആക്കം കൂട്ടുന്ന പാലത്തിന്റെ പൂർത്തീകരണത്തിനായി തടസങ്ങൾ നീക്കാൻ വിനോദസഞ്ചാരവകുപ്പ് മന്ത്റി മുഹമ്മദ് റിയാസ് നടപടി സ്വീകരിക്കണം
സതീഷ്, പ്രദേശവാസി