കടുത്തുരുത്തി : ആപ്പാഞ്ചിറ ഗവ.പോളിടെക്‌നിക് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്​റ്റ്, ലിമി​റ്റഡ് സ്​റ്റോപ്പ്, ഫാസ്​റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ളവയ്ക്ക് സ്​റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഗതാഗത വകുപ്പ് മന്ത്റി അഡ്വ. ആന്റണി രാജുവിന് നിവേദനം സമർപ്പിച്ചു. വൈക്കം റോഡ് റെയിൽവേ സ്​റ്റേഷൻ, കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ഇത് ഉപകാരമാകുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ആപ്പാഞ്ചിറയിൽ കെ.എസ്.ആർ.ടി.സി സ്​റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് നൽകുന്നതിന് മന്ത്റി കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി എം.എൽ.എ അറിയിച്ചു.