മുണ്ടക്കയം: കോരുത്തോട് കുഴിമാവ് റോഡിൽ ഇടുക്കിത്തോട് ഭാഗത്തെ തോടിനു സമീപത്തെ ട്രാൻസ്‌ഫോമർ അപകടാവസ്ഥയിൽ. സംരക്ഷണ വേലി പോലുമില്ലാത്ത ട്രാൻസ്‌ഫോമറിന്റെ അടിയിലൂടെയാണ് തോട് ഒഴുകുന്നത്. ട്രാൻസ്‌ഫോമറിന്റെ എർത്ത് കമ്പി ഉൾപ്പെടെ വെള്ളത്തിലാണ്. ട്രാൻസ്‌ഫോമറിനു താഴെ വെള്ളംകെട്ടുമുണ്ട്. എർത്ത് ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചാൽ റോഡിലൂടെ കടന്നുപോകുന്ന ആളുകൾക്ക് വരെ ഷോക്ക് ഏൾക്കാൻ സാധ്യതയുണ്ട്. ട്രാൻസ്‌ഫോമറിനായി സമീപത്തെ മറ്റൊരു സ്ഥലം ഏറ്റെടുത്തെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.