മുണ്ടക്കയം: സി.പി.എം ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റ സംഭവത്തിലെ പ്രതികളെ മർദ്ദിച്ച പരിക്കേൽപ്പിച്ചതായി പരാതി. മടുക്ക സ്വദേശികളായ സനൽ, അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ച സി.പി.എം മുണ്ടക്കയം ലോക്കൽ സെക്രട്ടറി എം ജി രാജുവിനെ മൈനകുളത്ത് വെച്ച് സംഘം ചേർന്ന് ആക്രമിച്ചിരുന്നു. ഇതിൽ പത്തോളം പേർക്കെതിരെയാണ് മുണ്ടക്കയം പൊലീസ് കേസെടുത്തത്. രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള എട്ട് പേർ ഒളിവിലാണ്. ഇതിലെ രണ്ട് പേർക്കാണ് മർദനമേറ്റത്. കേസ് ഒത്തുതീർക്കാം എന്നു പറഞ്ഞ് ഇവരോട് മുണ്ടക്കയത്ത് എത്താൻ ആവശ്യപ്പെടുകയായിരുന്നു. വരുന്നതിനിടെ പനക്കച്ചിറ ഭാഗത്ത് വച്ചാണ് ഇവർക്ക് മർദനമേറ്റത്. പരിക്കേറ്റ സനലും അജിത്തും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സി.ഐ വി.എൻ സാഗർ അറിയിച്ചു.