കട്ടപ്പന: ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ദിനത്തിൽ ഹൈറേഞ്ചിൽ കട്ടപ്പന നഗരത്തിലും മറ്റ് ടൗണുകളിലും വൻ ജനത്തിരക്ക്. ഏതാനും സ്വകാര്യ ബസുകളും 7 കെ.എസ്.ആർ.ടി.സി ബസുകളും കട്ടപ്പനയിൽ നിന്ന് സർവീസ് നടത്തി. സ്വകാര്യ വാഹനങ്ങളും ടാക്‌സി സർവീസുകളും നിരത്തുകളിൽ സജീവമായി. കട്ടപ്പനയിൽ രാവിലെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രണാതീതമായിരുന്നു. പല സ്ഥലങ്ങളിൽ വാഹന പരിശോധനയും ബുദ്ധിമുട്ടിലായി. കട്ടപ്പനയിലെ സ്റ്റാൻഡുകളിലെത്തിയ ഓട്ടോറിക്ഷകൾ പൊലീസ് തിരിച്ചയച്ചു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ പുനരാരംഭിച്ചതോടെ സ്റ്റാൻഡിലും ആളുകൾ എത്തി. പേഴുംകവലയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ രാവിലെ മുതൽ അഭൂതപൂർവമായ തിരക്കായിരുന്നു. ആളുകളെ നിയന്ത്രിക്കാൻ പൊലീസും സ്ഥലത്തെത്തി. വണ്ടിപ്പെരിയാർ, പാമ്പാനർ, പീരുമേട്, കുട്ടിക്കാനം മേഖലകളിലും രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. ഇവിടങ്ങളിലെ ഭൂരിഭാഗം കടകളും തുറന്നുപ്രവർത്തിച്ചു. ഇവിടങ്ങളിൽ സ്വകാര്യ ബസുകളും സർവീസ് നടത്തി. നെല്ലിമലയിലെ ബിവറേജസ് മദ്യവിൽപന ശാലയിലും രാവിലെ മുതൽ തിരക്കായിരുന്നു.