കോട്ടയം : വെച്ചൂർ പഞ്ചായത്തിൽ പക്ഷിപ്പനിയെത്തുടർന്ന് താറാവുകൾ നഷ്ടമായ കർഷകർക്ക് ധനസഹായം വിതരണം ചെയ്തു. അഞ്ച് കർഷകർക്ക് 3142500 രൂപയാണ് നൽകിയത്. പനിബാധിച്ച് ചത്തവയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി നശിപ്പിച്ചവയും ഉൾപ്പെടെ 18075 താറാവുകൾക്കുള്ള നഷ്ടപരിഹാരമാണിത്. പനി ബാധിച്ച് ചത്ത 9295 താറാവുകൾക്ക് 200 രൂപ വീതം 18.59ലക്ഷം രൂപയും നശിപ്പിച്ച 8780 താറാവുകൾക്ക് 1283500 രൂപയുമാണ് വിതരണം ചെയ്തത്. ഇതിനു പുറമെ നശിപ്പിച്ച ഒൻപതു കോഴികൾക്ക് 1800 രൂപയും കർഷകർക്ക് നൽകി. രണ്ടു മാസത്തിൽ കൂടുതൽ പ്രായമുള്ള പക്ഷിക്ക് 200 രൂപയും അതിൽ താഴെ പ്രായമുള്ള പക്ഷിക്ക് 100 രൂപയും എന്ന നിരക്കിലാണ് തുക അനുവദിച്ചത്. തലയോലപ്പറമ്പ് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. ഒ.സി. തങ്കച്ചൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. ജയദേവൻ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ആർ. മിനി, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. ഷിജോ ജോസ്, ഡോ. നിമി ജോർജ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഡോ. അബ്ദുൽ ഫിറോസ് എന്നിവർ പങ്കെടുത്തു.