പാലാ: പുത്തൻ ലാപ് ടോപ്പിലെ ആദ്യ സൂം മീറ്റിംഗ് പൂഞ്ഞാർ സ്വദേശി ലക്ഷ്മി എന്ന ഒമ്പതാം ക്ലാസ്സുകാരി ഒരിക്കലും മറക്കില്ല; നേർ മുമ്പിൽ തെളിഞ്ഞ മുഖം സൂപ്പർ താരം സുരേഷ് ഗോപിയുടേത്.! 'ലക്ഷ്മി മോളെ ' എന്ന ആദ്യ വിളി കേട്ടതോടെ പറയാനായി കരുതി വെച്ചതെല്ലാം ലക്ഷ്മി മറന്നുപോയി. ഇപ്പോഴും ആ വിളി കേട്ട ത്രില്ലിലാണ് പൂഞ്ഞാർ എസ്. എം. വി. ഹൈസ്‌ക്കൂളിലെ ഈ 14 കാരി.

നാസയുടെ ഗ്ലോബ് പരിപാടിയിലേക്ക് തിരഞ്ഞെടുത്ത ലക്ഷ്മി വി.നായർക്ക് ആശംസകളുമായി സൂം മീറ്റിംഗിൽ പങ്കെടുക്കാനെത്തിയതാണ്‌ സുരേഷ് ഗോപി.
സൂം മീറ്റിങ് നടത്തിയതാകട്ടേ സുരേഷ് ഗോപി സമ്മാനിച്ച ലാപ്‌ടോപ്പിലൂടെ. നന്നായി പഠിച്ച് മിടുക്കിയാവണമെന്നും ലക്ഷ്മിയോട് സൂപ്പർതാരം പറഞ്ഞു. ലക്ഷ്മിയെ നേരിൽ കാണാൻ ഉടൻ എത്തുമെന്നു സുരേഷ് ഗോപിയുടെ ഉറപ്പും നൽകി.
നാസയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വേൾഡ് എഡ്യൂക്കേഷണൽ ഗ്ലോബ് പരിപാടിയിൽ 112 രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേരിൽ ഒരാളായ പൂഞ്ഞാർ കുന്നോന്നി പള്ളിക്കുന്നേൽ വിജയകുമാറിന്റെയും ശ്രീജയുടെയും മകളായ ലക്ഷ്മിയെന്ന കൊച്ചുമിടുക്കിയെ തേടി കഴിഞ്ഞ ദിവസം നടൻ സുരേഷ്‌ഗോപിയുടെ സമ്മാനമെത്തിയിരുന്നു. ഒരു ലാപ്‌ടോപ്പായിരുന്നു നടൻ ലക്ഷ്മിക്ക് സമ്മാനമായി നൽകിയത്. പാലാ സ്വദേശിയായ കുടുംബ സുഹൃത്ത് ബിജു പുളിക്കക്കണ്ടം വഴിയാണ് സുരേഷ് ഗോപി ലക്ഷ്മിയുടെ വീട്ടിലേക്ക് ലാപ്‌ടോപ്പ് കൊടുത്തുവിട്ടത്.
ഈ ലാപ്‌ടോപ്പിലൂടെയായിരുന്നു ലക്ഷ്മിയുമായി സുരേഷ് ഗോപി സംവദിച്ചത്.

ഗ്ലോബ് പ്രോഗ്രാമിൽ ലക്ഷ്മി പങ്കെടുക്കുന്നതെങ്ങനെയെന്ന് സുരേഷ് ഗോപി ചോദിച്ചറിഞ്ഞു.