ponkunnam-t

പ്രഖ്യാപനം നടപ്പായില്ല, എങ്ങുമെത്താതെ നഗരത്തിന്റെ സൗന്ദര്യവത്ക്കരണം

പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റശേഷം പ്രസിഡന്റ് നടത്തിയ ആദ്യപ്രഖ്യാപനമായിരുന്നു പൊൻകുന്നം നഗരത്തിന്റെ സൗന്ദര്യവത്ക്കരണം.നഗരത്തെ മാലിന്യമുക്തമാക്കുക വഴിയോരങ്ങളിൽ പൂച്ചെടികളും തണൽമരങ്ങളും വെച്ചുപിടിപ്പിക്കുക,നടപ്പാതകൾ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിൽ വിശ്വാസമർപ്പിച്ച നാട്ടുകാർക്ക് ഇപ്പോൾ നിരാശയാണ് ഫലം. പ്രഖ്യാപനം കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോഴും പൂച്ചെടിയുമില്ല പൂച്ചട്ടിയുമില്ല എന്നതാണ് അവസ്ഥ. ഒപ്പം നഗരം മാലിന്യത്തിൽ മുങ്ങുകയും ചെയ്തു. ദേശീയപാതയടക്കം റോഡിനിരുവശങ്ങളിലുമുള്ള ഓടകൾ മാലിന്യം നിറഞ്ഞ് മഴവെള്ളം ഒഴുകിപ്പോകാൻ പറ്റാത്തവിധമായി.ഓടകൾ മൂടിയ സ്ലാബുകളിൽ ചിലത് തകർന്ന് ഓടയിൽ വീണുകിടക്കുന്നു. മഴ പെയ്താൽ മാലിന്യമടക്കം നടുറോഡിലൂടെ ഒഴുകും.
പ്രൈവറ്റ് ബസ് സ്റ്റാന്റും പരിസരവും മാലിന്യം നിറഞ്ഞു. കംഫർട്ട് സ്റ്റേഷൻ നവീകരണത്തിനായി അടച്ചിട്ട് അഞ്ചുമാസമായി. ലോകോത്തര നിലവാരത്തിൽ നവീകരിച്ച് ഒരുമാസത്തിനകം തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. നഗരത്തിനു ചുറ്റുമുള്ള ചെറുപാതകൾ മിക്കതും ഗതാഗതയോഗ്യമല്ലാത്തവിധം തകർന്നു. വഴിവിളക്കുകൾ തെളിയാത്തതാണ് നഗരത്തിന്റെ മറ്റൊരു ശാപം.

പാതിവഴിയിൽ മുടങ്ങി

രാജേന്ദ്രമൈതാനത്തിന്റെ നവീകരണവും സ്വാതന്ത്ര്യസമരസ്മാരകനിർമ്മാണവും പാതിവഴിയിൽ മുടങ്ങി.കൊവിഡ് മഹാമാരിയും അതു വരുത്തിവെച്ച പ്രതിസന്ധികളും ഉണ്ടെങ്കിലും നിർമ്മാണപ്രവർത്തനങ്ങൾക്കും മാലിന്യനിർമ്മാർജ്ജനം പോലുള്ള കാര്യങ്ങൾ ചെയ്യുന്നതിനും അതൊരു തടസ്സമായിരുന്നില്ല. കാലവർഷം തുടങ്ങിയതേ ഉള്ളു.മഴവെള്ളം തടസമില്ലാതെ ഒഴുകണം.അതിനുള്ള നടപടികളെങ്കിലും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചിത്രംപൊൻകുന്നം പട്ടണം.