മണർകാട്: ദേശീപാതയിൽ യാത്രക്കാരുടെ നടുവൊടിച്ച് അപകടക്കെണിയായി കുഴികൾ. മണർകാട് ഐരാറ്റുനട ഭാഗത്താണ് റോഡിനു നടുവിലായി കുഴി രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് കുഴി അറിയുന്നത്, അപ്പോഴേയ്ക്കും വാഹനങ്ങൾ കുഴിയിൽ അകപ്പെട്ട് അപകടം സംഭവിയ്ക്കുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
ഇന്നലെ ഉച്ചക്കഴിഞ്ഞ് രണ്ട് യുവതികൾ സഞ്ചരിച്ച സ്‌കൂട്ടർ കുഴിയിൽ ചാടുകയും അപകടത്തിൽപ്പെടുകയും ചെയ്തിരുന്നു. ഇവിടെ അപകടം പതിവാണ്. ദിനംപ്രതി നിരവധി വലുതും ചെറുതുമായ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയ പാതയാണിത്. കുഴി കാണുന്ന ഡ്രൈവർമാർ വാഹനം വെട്ടിയ്ക്കുമ്പോൾ വലിയ അപകടത്തിന് ഇടയാക്കുന്നു. രാത്രികാലങ്ങളിൽ കുഴി അറിയാതെ എത്തുന്നവരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. ഇവിടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതും പതിവാണ്. റോഡിനു ഇരുവശവും കാട് മൂടിയതിനാലും പാടശേഖരം ആയതിനാലും മാലിന്യ നിക്ഷേപകരുടെ ഇഷ്ടത്താവളമാണിവിടം. കൂടാതെ, കാട് മൂടിയ റോഡരിക് അപകസാധ്യതയും വർദ്ധിപ്പിക്കുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇടക്കാലത്ത് ഇവിടെ മിനി എം സി എഫുകൾ സ്ഥാപിച്ചിരുന്നു. ഇത് കാട് മൂടിയതോടെ, ഇതും മാലിന്യം നിക്ഷേപ ഇടമായി മാറിയിരുന്നു. തുടച്ചയായി വിവിധ പത്രമാധ്യമങ്ങളിൽ റിപ്പോർട്ട് വന്നതിനെ തുടർന്നാണ് ഇവ മാറ്റിയതും റോഡരിക് വൃത്തിയാക്കിയതും. എന്നാൽ വീണ്ടും ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ സ്ഥിതിയാണ്. അഴുകിയ മാലിന്യങ്ങളിൽ നിന്ന് അസഹ്യമായ ദുർഗന്ധവും വമിക്കുന്നു. സാക്രമിക രോഗങ്ങൾ പടർന്നു പിടിയ്ക്കുന്നതിനും ഇടയാക്കുന്നു. ഈ ഭാഗം വളവായതിനാൽ അപകടമേഖലയാണിവിടം. റോഡിനരികിലെ കാടുകൾ പാതിവഴിയിൽ വൃത്തിയാക്കിയ നിലയിലാണ്. ബാക്കി ഭാഗത്ത് പുല്ലും, കാടും റോഡിലേയ്ക്ക് പടർന്ന സ്ഥിതിയാണ്. ഇത് ചെറിയ വാഹനയാത്രക്കാരെ തട്ടി അപകടത്തിന് ഇടയാക്കുന്നു. റോഡിലെ കുഴിയും റോഡരികും വൃത്തിയാക്കണമെന്നും മാലിന്യ നിക്ഷേപകർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.