കട്ടപ്പന: വെള്ളയാംകുടിയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ റിസർവേ നടത്തി. കട്ടപ്പന നഗരസഭ വാങ്ങി നൽകിയ സ്ഥലം കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലാക്കുന്നതിന്റെ ഭാഗമായാണിത്. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിന്റെ നിർദേശപ്രകാരം കളക്ടർ എച്ച്. ദിനേശന്റെ ഉത്തരവിനെ തുടർന്നാണ് റീസർവേ പൂർത്തീകരിച്ചത്. 1999 20 കാലഘട്ടത്തിൽ അന്നത്തെ കട്ടപ്പന പഞ്ചായത്ത് ഭരണ സമിതിയാണ് വെള്ളായാംകുടിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കായി രണ്ട് ഏക്കർ 15 സെന്റ് സ്ഥലം കണ്ടെത്തി വാങ്ങി നൽകിയത്. ഇതിൽ 15 സെന്റ് സ്ഥലം നഗരസഭയുടേതാണ്. എന്നാൽ നാളിതുവരെ സ്ഥലം കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലേക്ക് മാറ്റിയിരുന്നില്ല. തുടർന്നാണ് നടപടികൾ വേഗത്തിലാക്കാൻ എം.ഡി നിർദേശം നൽകിയത്. എന്നാൽ 2018ലെ പ്രളയത്തെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ സ്ഥലത്തിന്റെ സർവേ കല്ലുകൾ ഉൾപ്പടെയുള്ളവ കാണാതായി. പിന്നീട് സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കാൻ കളക്ടർ നഗരസഭയ്ക്ക് നിർദേശം നൽകി. ബുധനാഴ്ച കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡിപ്പോയുടെ രണ്ട് ഏക്കർ സ്ഥലം അളന്നുതിട്ടപ്പെടുത്താൻ ഉത്തരവിടുകയായിരുന്നു. കെ.എസ്.ആർ.ടി.സി റവന്യൂ ലാൻഡ് ആഫീസർ വിനോദ്, ഇൻസ്‌പെക്ടിംഗ് ആഫീസർമാരായ സി.ആർ. മുരളി, ഷിജിമോൻ ജോസഫ്, യൂണിയൻ നേതാക്കളായ ഷെഫീഖ്, പ്രകാശ് എന്നിവർ നേതൃത്വം നൽകി.