മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പനക്കച്ചിറയിൽ നിന്നും കാണാതായ അമ്മയെയും മകനെയും കാഞ്ഞങ്ങാട് നിന്നും നാട്ടിലെത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. മാസങ്ങൾക്കു മുമ്പ് പനക്കച്ചിറയിലെ വീട്ടിൽ നിന്നും കാണാതായ സരസമ്മ (58) മകൻ സുരേഷ് (35) എന്നിവരെയാണ് നാട്ടിലെത്തിച്ചത്. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടന്ന ഇവർക്ക് സഹായവുമായി കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി രംഗത്തെത്തുകയായിരുന്നു. ലോക്ക് ഡൗൺ സമയത്ത് ഇവർക്ക് ആവശ്യമായ ഭക്ഷണങ്ങൾ ഒരുക്കി നൽകി. കാലിലും കൈക്കും മുറിവുകളുള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽവിലാസങ്ങൾ ചോദിച്ചറിഞ്ഞ പ്രവർത്തകർ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയെ വിവരമറിയിക്കുകയായിരുന്നു. എം.എൽ.എയുടെ നിർദേശത്തെ തുടർന്ന് അമ്മയെയും മകനെയും പ്രവർത്തകർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇരുവർക്കും ആവശ്യമായ സംരക്ഷണം ഒരുക്കുമെന്ന് എം.എൽ.എ അറിയിച്ചു. പനക്കച്ചിറയിലെ വീട് സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.വാർഡംഗം ആന്റണി മാർട്ടിൻ, ഡോ. ബാബു സെബാസ്റ്റ്യൻ, ആർഎംഒ രേഖാ ശാലിനി, റെജി കാവുങ്കൽ എന്നിവർആശുപത്രിയിൽ എല്ലാവിധാ സൗകര്യങ്ങളും ഒരുക്കിനൽകി. അമ്മയെയും മകനെയും ഒരുമിച്ച് താമസിപ്പിക്കുവാനുള്ള ഒരു സ്ഥലം ശരിയാക്കിയശേഷം ഇവരെ ഏറ്റെടുക്കുമെന്ന് സംസ്ഥാന ഓർഫനേജ് ബോർഡ് അംഗം ഫാ.റോയി വടക്കേൽ പറഞ്ഞു