പാലാ : പാലാ - തൊടുപുഴ റൂട്ടിൽ പയപ്പാർ ജംഗ്ഷനിലെ വളവിൽ പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. തലയോലപറമ്പ് പൊതി പാലത്തിന് സമീപം നെല്ലാനപ്പള്ളികാലായിൽ എൻ.കെ.ശശിയുടെ മകൻ ഷൈൻ (27) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ബിജുവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽ നിന്ന് പച്ചക്കറിയുമായി കാഞ്ഞിരപ്പള്ളിയ്ക്ക് വരുകയായിരുന്ന ലോറി. പയപ്പാർ ഇറക്കമിറങ്ങി വന്ന ലോറി വെയിറ്റിംഗ് ഷെഡ് തകർത്ത് മറിയുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
ഷൈന്റെ മൃതദേഹം പാലാ ജനറൽ ആശ പത്രിയിൽ എത്തിച്ച് പൊലീസ് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ് : ഓമന. സഹോദരങ്ങൾ : ശരത്ത്, ശരണ്യ.