വൈക്കം : വിദ്യാർത്ഥികളിൽ അന്യമായികൊണ്ടിരിക്കുന്ന വായനാശീലം പുനർജനിപ്പിക്കാനും അവർക്ക് ആവശ്യമായ പുസ്തകങ്ങൾ നൽകാനും ആശ്രമം സ്‌കൂളിൽ അദ്ധ്യാപകരുടെ കൂട്ടായ്മ. കൊവിഡ് ദുരുതത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 75 വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് കൈനിറയെ പുസ്തകങ്ങളും കൂടുതൽ വായനയ്ക്ക് ആവശ്യമായ പുസ്തകങ്ങൾ വാങ്ങാൻ 1000 രൂപ വിധം നൽകിയുമാണ് അദ്ധ്യാപകർ പുതിയ ഒരു ലക്ഷ്യത്തിലേക്ക് ചുവടുവച്ചത്. യു.പി - ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യർത്ഥികൾക്കാണ് സഹായം നൽകിയത്.
ഒരുലക്ഷത്തി ഇരുപത്തിയായ്യിരം രൂപയാണ് ഇതിനായി ചെലവഴിച്ചത്. സാമ്പത്തിക സഹായവും പുസ്തക വിതരണവും പ്രഥമാദ്ധ്യാപിക പി.ആർ.ബിജി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക പ്രതിനിധികളായ എം.എസ്.സുരേഷ് ബാബു, കെ.ബി മഞ്ചുള, ആർ.സീനാ, ഹീരാരാജ്, കെ.യു സുനിത, കവിതാ ബോസ്, കെ.കെ സാബു, അമൃതാ പാർവ്വതി, പ്രീതി വി പ്രഭ, എം.വി മജേഷ് എന്നിവർ പങ്കെടുത്തു. ചങ്ങാനാശ്ശേരി മേഴ്‌സി ഹോം ചാരിറ്റബിൾ സോസൈറ്റിയിലെ കുട്ടികൾക്കായി ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങളും ചടങ്ങിൽ കൈമാറി.


കുട്ടികളിൽ വായനയിൽ അഭിരുചി ഉണ്ടാക്കാനുള്ള കൂടുതൽ പ്രവർത്തനങ്ങൾ സ്‌കൂളിലെ ലൈബ്രറിയുമായി ബന്ധപ്പെട്ട് നടത്തും
പി.ആർ.ബിജി, പ്രഥമാദ്ധ്യാപിക