കുമരകം: കുമരകം റോഡിൽ കോണത്താറ്റു പാലത്തിനു സമീപം വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തെരുവുനായയെ മൃഗാശുപത്രിയിൽ എത്തിച്ച പഞ്ചായത്തംഗങ്ങളെ സമൂഹമാധ്യമങ്ങളിൽ കൂടി അധിക്ഷേപിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച്ച വാഹനമിടിച്ച് കുടൽമാല പുറത്ത് വന്ന നിലയിൽ റോഡിൽ കിടന്ന നായയെ പഞ്ചായത്തംഗങ്ങളായ ദിവ്യാ ദാമോധരൻ,​ ജോഫീ ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിലാണ് കോടിമതയിലുള്ള ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ മൃഗ സ്നേഹികളുടെ സംഘടനാ പ്രവർത്തകൻ ജോബിൻ നായയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാമെന്നും ഇതിനായി പതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തങ്ങൾക്ക് ഇത്രയും വലിയ തുക നൽകാവില്ലെന്നും മരുന്നുകൾക്ക് വേണ്ടി വരുന്ന ചെലവ് വഹിക്കാൻ തയാറാണെന്നും അറിയിച്ചു മടങ്ങി. തുടർന്ന് വൈകുന്നേരത്തോടെ പഞ്ചായത്ത് അംഗങ്ങൾക്കെതിരെ വിവിധ സമൂഹമാധ്യമ കൂട്ടയ്മകളിൽ ജോബിൻ പോസ്റ്റിട്ടതായാണ് പരാതി. സംഭവത്തിൽ കുമരകം 12-ാം വാർഡംഗം ദിവ്യ ദാമോദരൻ കുമരകം പൊലീസിൽ പരാതി നൽകി.